വളാഞ്ചേരി-പെരിന്തൽമണ്ണ സംസ്ഥാന പാത; കുഴികൾ അപകടഭീഷണി ഉയർത്തുന്നു
text_fieldsവളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൽ വൈക്കത്തൂർ സിനിമ തിയേറ്ററിന് സമീപത്തായി
രൂപപ്പെട്ട കുഴികൾ
വളാഞ്ചേരി: വളാഞ്ചേരി പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ കുഴികൾ അപകടഭീഷണി ഉയർത്തുന്നു. വൈക്കത്തൂർ സിനിമ തിയേറ്ററിന് സമീപവും, കോതേ തോടിന് സമീപവും ആണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. സിനിമാ തീയറ്ററിന് സമീപത്തായി റോഡിൽ വലിയ കുഴിയാണ് രൂപപ്പെട്ടത്.
മഴ ആരംഭിച്ചപ്പോൾ കുഴിയുടെ വലുപ്പം കൂടുകയായിരുന്നു. വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുഴിയിലിറങ്ങാതിരിക്കാൻ പെട്ടെന്ന് വലതുവശം തിരിയുന്നതും, വലിയ വേഗതയിൽ വരുന്ന വാഹനങ്ങൾ കുഴിക്ക് സമീപം വെച്ച് പെട്ടെന്ന് ബ്രേക്കിടുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു.
വിവിധ ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതു വഴി സഞ്ചരിക്കാറുണ്ട്. രാത്രികാലങ്ങളിൽ ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ കുഴിയിൽ ചാടി അപകടങ്ങളുണ്ടാകാനും സാധ്യത ഏറെയാണ്. ഇടക്കിടെ കുഴിയിൽ മണ്ണിട്ട് നികത്താറുണ്ടെങ്കിലും മഴയിൽ അതൊക്കെ ഒഴുകി പോകുന്നതും പതിവാണ്. റോഡിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ട കുഴികൾ അടക്കാനാവശ്യമായ അടിയന്തര നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.