ഉറക്കമൊഴിച്ച് നാട്ടുകാർ കാത്തിരുന്നു; കാക്കഞ്ചേരിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ വാഹനം പിടിയിൽ
text_fieldsനാട്ടുകാർ പിന്തുടർന്നതിനെ തുടർന്ന് മാലിന്യം തള്ളാനെത്തിയ വാഹനം ആറുവരിപ്പാതയുടെ മതിലില്‍ ഇടിച്ചു നിര്‍ത്തിയ നിലയിൽ
വള്ളിക്കുന്ന്: പതിവായി കക്കൂസ് മാലിന്യം തള്ളുന്ന ദേശീയപാത കാക്കഞ്ചേരിയിൽ നാട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരുന്നതോടെ കെണിയിലായത് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറി. മാലിന്യം തള്ളുന്നവരെ പിടികൂടണമെന്ന ഉറച്ച നിലപാടിൽ നാട്ടുകാർ ഉറക്കമൊഴിച്ച് കാവലിരുന്നു വരികയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കക്കൂസ് മാലിന്യവുമായി ടാങ്കർ ലോറി കാക്കഞ്ചേരി സർവിസ് റോഡിൽ നിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. കക്കൂസ് മാലിന്യം താഴ്ന്ന പ്രദേശത്തേക്ക് ഒഴുക്കാൻ തുടങ്ങിയതോടെ വിവിധയിടങ്ങളിലായി പതിയിരുന്ന 25ഓളം വരുന്ന യുവാക്കള്‍ സംഘടിച്ചെത്തുകയായിരുന്നു.
വാഹനത്തിന് മുന്നിലേക്കെത്തി തടയുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ യുവാക്കള്‍ ടാങ്കർ ലോറി നിര്‍ത്തിയതിന്റെ മീറ്ററുകള്‍ക്കപ്പുറം റോഡിലൂടെ കടന്നുപോകുന്ന കണ്ടെയ്നര്‍ ലോറി തടസ്സമായി നിര്‍ത്തിച്ചാണ് തടയാന്‍ നീക്കം നടത്തിയത്. അപകടം മനസ്സിലാക്കിയ മാലിന്യ ലോറി വന്ന വഴിക്ക് തന്നെ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ സംഘടിച്ചതോടെ പ്രതിരോധത്തിലായി. ഇതോടെ വാഹനം ആറുവരിപ്പാതയുടെ മതിലില്‍ വിലങ്ങനെ ഇടിച്ചുനിര്‍ത്തി ഡ്രൈവറും സഹായിയും ചാവിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പിന്തുടര്ന്നെങ്കിലും പൈലറ്റ് വാഹനമെന്നോണം തത്സമയം എത്തിയ കാറില്‍ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനത്തിന്റെ ചാവിയില്ലാത്തതിനാൽ സർവിസ് റോഡിൽ കിടന്ന ടാങ്കർ ലോറി മാറ്റാനായില്ല.
എൻ.എച്ച് നിർമാണ കമ്പനിയുടെ വാഹനം ഉപയോഗിച്ച് മാറ്റിയ ശേഷമാണ് മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സം ഒഴിവായത്. കെ.എല്‍ 32 ബി 3878 എന്ന നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ടാങ്കര്‍ ലോറിയില്‍ നമ്പർ വ്യക്തമാവാതിരിക്കാൻ മഞ്ഞ പെയിന്റടിച്ച നിലയിലായിരുന്നു. ടാങ്കർ ലോറി തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹന ഉടമയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഉഷ തോമസ്, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍ എന്നിവരും തേഞ്ഞിപ്പലം പൊലീസും സ്ഥലത്തെത്തി. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് ചെറിയ പിഴ ഈടാക്കി വിട്ടയക്കുന്നതിന് പകരം വാഹനം കണ്ട് കെട്ടുന്നതുള്പ്പെടെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.