പരിമിതികളിൽ തളരാതെ നാടിൻറെ താളമാകാൻ ഇവർ
text_fieldsവണ്ടൂരിലെ വസ്ത്ര വ്യാപാരിയായ കെ. യൂസഫ് ഭിന്നശേഷി ചെണ്ട ഗ്രൂപ്പിന് തന്റെ സ്ഥാപനത്തിനു മുമ്പിൽ ആദ്യ വേദി ഒരുക്കി നൽകിയപ്പോൾ
വണ്ടൂർ: ഭിന്നശേഷി ചെണ്ടമേളം ഗ്രൂപ്പ് നിലവിൽ വന്ന ശേഷം സംഘത്തിന് ആദ്യ വിഷുക്കൈനീട്ടം എന്നും ഓർത്തിരിക്കാനാവുന്നതാക്കി മാറ്റുകയാണ് വ്യാപാരിയായ കൊയിലാണ്ടി യൂസഫ്. ഇവർക്ക് ആവശ്യമായ രണ്ട് ചെണ്ടകൾ വാങ്ങാനുള്ള പണം നൽകിയതിനു പുറമേ ആദ്യ പ്രകടനത്തിന് വേദിയൊരുക്കിയും പ്രതിഫലവും നൽകിയുമാണ് യൂസഫ് തിരിച്ചയച്ചത്. മാധ്യമ വാർത്തയിലൂടെയാണ് ചെണ്ടമേള ബാൻഡിനെ കുറിച്ച് യൂസഫ് അറിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ചയാണ് വണ്ടൂർ ആശ്രയ ഭിന്നശേഷി സ്കൂളിലെ വിദ്യാർഥികൾ വാർഷികാഘോഷത്തിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്. ഒമ്പതംഗ സംഘത്തെ ചാലിയാർ ഉണ്ണിയാണ് സൗജന്യമായി ചെണ്ടമേളം അഭ്യസിപ്പിച്ചത്. കൈയ്ക്ക് സ്വാധീനക്കുറവുള്ളവർവരെ കൂട്ടത്തിലുണ്ട്. ഇതിൽ സംസാര ശേഷിയും കേൾവി ശക്തിയുമില്ലാത്ത തസ്നിയുടെ പ്രകടനമാണ് ശ്രദ്ധേയം. അഞ്ചു ചെണ്ടകൾ ആവശ്യമുള്ളിടത്ത്, മൂന്നെണ്ണം വണ്ടൂരിലെ വിവിധ സംഘടനകൾ മുൻകൈയെടുത്ത് വാങ്ങി നൽകിയിരുന്നു. ബാക്കി രണ്ടെണ്ണം വാടകയ്ക്ക് എടുത്തായിരുന്നു കുട്ടികൾ അരങ്ങേറ്റം നടത്തിയത്. ഇക്കാര്യം വാർത്തകളിലൂടെ അറിഞ്ഞതോടെയാണ് വണ്ടൂരിലെ പ്രമുഖ വസ്ത്ര വ്യാപാരിയായ ലൈബ യൂസഫ് വിഷുക്കാലത്ത് ഇവർക്ക് ചെണ്ടകൾ വാങ്ങി നൽകിയത്. കൂടാതെ ഇവർക്ക് പ്രകടനത്തിനായി തന്റെ വ്യാപാരസ്ഥാപനത്തിൽ ആദ്യ വേദിയൊരുക്കുകയും എല്ലാവർക്കും പ്രതിഫലം നൽകുകയും ചെയ്തു.
ചടങ്ങിൽ കഫെ കുടുംബശ്രീ പ്രസിഡൻറ് കെ.സി. നിർമല സംഘത്തിലെ മുഴുവൻ അംഗങ്ങൾക്കും വിഷുക്കൈനീട്ടം നൽകി. അരങ്ങേറ്റം ഗംഭീരമായതോടെയാണ് ചെണ്ടമേളത്തിൽ ഒരു ഗ്രൂപ്പ് രൂപവതമ്കരിക്കാൻ തീരുമാനിച്ചത്. ഇനി ഉദ്ഘാടന ചടങ്ങുകളിലും മറ്റും സജീവമാകാനാണ് ഇവരുടെ തീരുമാനം. ഇതുവരെ ഒതുങ്ങിക്കൂടാൻ മാത്രം വിധിച്ചവർ ഇനി നാടിന്റെ താളമാവുമെന്ന സന്തോഷത്തിലാണ് കുട്ടികളും സ്കൂൾ രക്ഷാധികാരികളും.