പന്നിവേട്ട സജീവമാക്കി തിരുവാലി പഞ്ചായത്ത്
text_fieldsവെടിവെച്ചുകൊന്ന കാട്ടുപന്നികൾ
വണ്ടൂർ: കാട്ടുപന്നികളെ തുരത്താൻ മുന്നിട്ടിറങ്ങി തിരുവാലി ഗ്രാമ പഞ്ചായത്ത്. പല ഘട്ടങ്ങളിലായി 49 കാട്ടുപന്നികളെയാണ് ഷൂട്ടർമാരുടെ നേതൃത്വത്തിൽ വകവരുത്തിയത്. കൃഷി നാശമടക്കം പന്നി ശല്യം വ്യാപകമായതിനെ തുടർന്നാണ് പഞ്ചായത്തിന്റ ആഭിമുഖ്യത്തിൽ പന്നിവേട്ട കാര്യക്ഷമമാക്കിയത്.
ഷൂട്ടർ പാനൽ ലിസ്റ്റ് അംഗമായ കെ.പി. ഷാന്റെ നേതൃത്വത്തിലാണ് പല ദിവസങ്ങളിലായി പന്നികളെ വെടിവെച്ച് കൊന്നത്. വകവരുത്തിയ പന്നികളെ ചക്കിക്കുഴി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.യു. അഭിലാഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ അജിത് ആന്റണി എന്നിവരുടെ നിർദേശങ്ങൾക്കനുസരിച്ച് കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. തുടർ ദിവസങ്ങളിലും പഞ്ചായത്തിൽ പന്നിവേട്ട നടക്കുമെന്നും പ്രസിഡന്റ് കെ. രാമൻകുട്ടി പറഞ്ഞു. പഞ്ചായത്തിന്റ നടപടി ഏറെ ആശ്വാസമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കർഷകരും.


