ചുമട്ടുതൊഴിലാളികളുടെ ഭീഷണിയെന്ന് പരാതി; കച്ചവടം അവസാനിപ്പിച്ച് ബോർഡ് സ്ഥാപിച്ചു
text_fieldsപ്രവർത്തനം അവസാനിപ്പിച്ചതായി കാണിച്ച് കടക്ക് മുമ്പിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ്
വണ്ടൂർ: ചുമട്ടുതൊഴിലാളികൾ നിരന്തരമായി കൂലി വർധന ആവശ്യപ്പെടുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിയതായി ഉടമ. പ്രവർത്തനം നിർത്തിയതായി ഫ്ലക്സ് ബോർഡും സ്ഥാപിച്ചു. വണ്ടൂർ പാണ്ടിക്കാട് റോഡിലെ ‘ഹാജർ ദി സ്റ്റോൺ ബോട്ടി ക്യൂ’ എന്ന സ്ഥാപനമാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
നാല് ദിവസമായി സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. ജില്ലയിൽ പലയിടത്തും തങ്ങൾക്ക് സ്ഥാപനങ്ങളുണ്ടെന്നും എന്നാൽ കൂടുതൽ ചുമട്ടുകൂലി നൽകുന്നത് വണ്ടൂരിലാണെന്നും അമിതമായി കൂലി വർധിപ്പിച്ചതിനാൽ സ്ഥാപനം മുന്നോട്ടുപോകാൻ കഴിയില്ലെന്നും മാനേജർ ഫർസീൻ പറഞ്ഞു. വിഷയം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ അറിയിച്ചതായും, ഇരുകൂട്ടർക്കും സൗകര്യമാകുന്ന ദിവസം ചർച്ച ചെയ്യാമെന്നും അതുവരെ തൊഴിലിടത്ത് വീഴ്ചയും വരുത്താൻ പാടില്ലെന്നും ബോർഡ് ചെയർമാൻ ഇരുകൂട്ടർക്കും നോട്ടീസ് നൽകിയിരുന്നു. ഇതും പാലിക്കപ്പെട്ടില്ലെന്ന് ഫർസീൻ പറയുന്നു.
എന്നാൽ, ആരോപണങ്ങളെല്ലാം തള്ളുകയാണ് സി.ഐ.ടി.യു ഭാരവാഹികൾ. വർഷങ്ങൾക്ക് മുമ്പ് പുതിയ സ്ഥാപനമെന്ന നിലയിൽ കുറഞ്ഞ നിരക്കിലാണ് സാധനങ്ങൾ കയറ്റിയിറക്കൽ നടത്തിയിരുന്നത്.
പകരമായി സൈറ്റിതേടക്കമുള്ള ജോലികൾ തൊഴിലാളികൾക്ക് നൽകാമെന്നും രേഖാമൂലം കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെട്ടതോടെയാണ് കൂലി വർധന ആവശ്യപ്പെട്ടത്. കൂലി ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സി.ഐ.ടി.യു ഭാരവാഹി പറഞ്ഞു.
സംഭവത്തിൽ ന്യായം ചുമട്ടുതൊഴിലാളികളുടെ ഭാഗത്താണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല ട്രഷറർ വി.കെ. അശാകൻ പറഞ്ഞു. മുമ്പുണ്ടാക്കിയ ഉടമ്പടികൾ സ്ഥാപന ഉടമകൾ ലംഘിച്ചതായും ഇനിയും ചർച്ചക്ക് സാധ്യതയുണ്ടെങ്കിലും ഉടമകളുടെ ഭാഗത്തുനിന്ന് അനുകൂലസമീപനമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും അശോകൻ പറഞ്ഞു.