വാണിയമ്പലം റെയില്‍വേ മേൽപാലം നിര്‍മാണം; മണ്ണ് പരിശോധന തുടങ്ങി
text_fieldsവാണിയമ്പലം റെയില്‍വേ മേൽപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന മണ്ണ് പരിശോധന വിലയിരുത്താൻ എ.പി. അനിൽകുമാർ എം.എൽ.എ എത്തിയപ്പോൾ
വണ്ടൂർ: വാണിയമ്പലം റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന തുടങ്ങി. പരിശോധന ഒരു മാസത്തോളം നീണ്ടുനിൽക്കും. നാലിടങ്ങളിലെ മണ്ണാണ് പരിശോധിക്കുന്നത്. രാഹുല്‍ ഗാന്ധി എം.പി ആവശ്യപ്പെട്ടതോടെ വണ്ടൂര്‍ - കാളികാവ് റോഡിലെ വാണിയമ്പലം അങ്ങാടിയില്‍ ഓവര്‍ ബ്രിഡ്ജ് നിർമാണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം 20.9 കോടി രൂപ അനുവദിച്ചിരുന്നു.
എ.പി. അനിൽകുമാർ എം.എൽ.എ സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. പ്രവൃത്തിയുടെ ഡി.പി.ആര് തയ്യാറാക്കുന്നതിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷന് ഓഫ് കേരള ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഏജന്‍സി തയ്യാറാക്കിയ അലൈന്മെന്റ് എം.എല്‍.എ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ അംഗീകരിച്ചു.
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക് സർവിസ് എൻജിനീയർ എസ്.എസ്. ശോഭിക് കുമാറിന്റെ നേതൃത്വത്തിൽ റെയിൽവേ ഭൂമി, രണ്ട് സ്വകാര്യഭൂമികൾ, ടൗൺ സ്ക്വയർ എന്നിവിടങ്ങളിലാണ് മണ്ണ് പരിശോധന നടത്തുന്നത്. ഇതുകഴിഞ്ഞാല്‍ സ്ഥലം എറ്റെടുക്കുന്ന നടപടിയിലേക്ക് കടക്കും.
സംസ്ഥാന സര്‍ക്കാറാണ് സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത്. പ്രവൃത്തി വേഗത്തിലാക്കുന്നതിന് ആവശ്യമായ സമ്മർദം ചെലുത്തുമെന്ന് എ.പി. അനില്‍കമാര്‍ എം.എല്‍.എ അറിയിച്ചു.