വാണിയമ്പലം റെയിൽവേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് അടച്ചു; വെള്ളാമ്പുറം റോഡിൽ വാഹനത്തിരക്ക്
text_fieldsവണ്ടൂർ: വാണിയമ്പലം റെയിൽവേ ഗേറ്റ് അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി അടച്ചിട്ടതോടെ വെള്ളാമ്പുറം റെയിൽവേ ക്രോസിങ്ങിൽ വാഹനങ്ങളുടെ നീണ്ട നിര. പ്രവൃത്തികൾ കാരണം ഗതാഗതം വഴി തിരിച്ചുവിട്ടതോടെയാണ് ബസുകൾ അടക്കം ഇവിടെ നീണ്ട ഗതാഗതക്കുരുക്കിലായത്. ശനിയാഴ്ച രാവിലെ എട്ട് മുതൽ തിങ്കളാഴ്ച രാത്രി എട്ട് വരെയാണ് ഗേറ്റ് അടച്ചിടുന്നത്. ഇതോടെയാണ് വണ്ടൂരിൽനിന്ന് കാളികാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ നടുവത്ത് വെള്ളാമ്പുറം വഴി ശാന്തിനഗറിലൂടെ വാണിയമ്പലം റെയിൽവേ ഗേറ്റിനപ്പുറത്തേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. ഇപ്പുറത്തേക്കും ഇതുതന്നെയാണ് വഴി. വെള്ളാമ്പുറം ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ ഇതുവഴിയുള്ള ഗതാഗതം ബസടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.
ഗതാഗതക്കുരുക്ക് കാരണം ബസുകൾക്ക് സമയക്രമീകരണം പാലിക്കാനാവുന്നില്ല. പല ദീർഘദൂര ബസുകളുടെയും ട്രിപ്പുകൾ മുടങ്ങി. റെയിൽവേ ഗേറ്റിന്റെ ഇരുവശങ്ങളിലുമായി സർവിസ് നടത്തി മറുഭാഗത്തെ സർവിസ് ഒഴിവാക്കിയാണ് മിക്ക ബസുകളും തുടരുന്നത്.
ഗതാഗതക്കുരുക്കറിയിക്കാൻ വണ്ടൂർ അങ്ങാടിയിലടക്കം സൂചന ബോർഡുകൾ സ്ഥാപിക്കാത്തതും ദീർഘദൂര വാഹനങ്ങൾക്ക് തിരിച്ചടിയായി. ഇത്തരത്തിലെത്തുന്ന വാഹനങ്ങൾ വീണ്ടും ദീർഘദൂരം ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ്.