പനി പടരുന്നു: പ്രാദേശിക ഭരണകൂടം നോക്കുകുത്തി
text_fieldsവാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം
വാഴക്കാട്: നാട്ടിൽ പനി പടരുമ്പോൾ സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സ ലഭ്യമാക്കാൻ സാധിക്കാതെ പ്രാദേശിക ഭരണകൂടം നോക്കുകുത്തിയായി മാറുന്നു. വാഴക്കാട് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെയാണ് ജനരോഷം ആളിക്കത്തുന്നത്. മതിയായ സ്ഥല സൗകര്യമോ സംവിധാനങ്ങളോ ഇല്ലാതിരുന്ന വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി വി.പി.എസ് ഗ്രൂപ് പത്ത് കോടി രൂപ ചെലവിൽ അടുത്തകാലത്താണ് വിപുലമായ സൗകര്യങ്ങളോടെ ആശുപത്രി കെട്ടിടം നിർമിച്ചു നൽകിയത്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് തുടക്കത്തിലേ പ്രശ്നമായിരുന്നു. ഇത് പരിഹരിക്കാൻ അഞ്ചോളം ജീവനക്കാരെ സ്വന്തം ചെലവിൽ നിയമിച്ചും അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ആംബുലൻസ് സൗജന്യമായി വിട്ടുനൽകിയും ഡോക്ടർ ഷംസീർ വയലിൽ ചെയർമാനായ വി.പി.എസ് ഗ്രൂപ് മാതൃക കാണിച്ചു.
നേരത്തേ ഉച്ചവരെ മാത്രം പ്രവർത്തിച്ചിരുന്ന ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറിയതോടെ സന്തോഷിച്ചിരുന്ന പ്രദേശവാസികളെ തീർത്തും നിരാശരാക്കുന്ന നിലപാടാണ് പ്രാദേശിക ഭരണകൂടം അവലംബിച്ചത്. സായാഹ്ന ഒ.പി തുടങ്ങുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ പഞ്ചായത്ത് അധികൃതർ ഇതിന് വേണ്ടി ഇന്റർവ്യൂ നടത്തി ഒന്നാം റാങ്കുകാരനായി കണ്ടെത്തിയ ഡോക്ടറെ നിയമിക്കാൻ പോലും തയാറാകാതെ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ അവരോധിക്കാനുള്ള കുതന്ത്രങ്ങൾ മെനയുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ദിനേന നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിലെ ഒ.പി മുടങ്ങൽ കാരണം ചികിത്സ കിട്ടാതെ തിരിച്ച് പോകുന്നത്.