എടവണ്ണപ്പാറ - കോഴിക്കോട് റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞു
text_fieldsപണിമുടക്കിനെ തുടർന്ന്
എടവണ്ണപ്പാറ സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകൾ
വാഴക്കാട്: ഡ്രൈവറെ മർദിച്ചെന്നാരോപ്പിച്ച് എടവണ്ണപ്പാറ - കോഴിക്കോട് റൂട്ടിൽ ബസുകളുടെ മിന്നൽ പണിമുടക്ക്. ബുധനാഴ്ച രാവിലെ എട്ടിനാണ് സംഭവം. വിദ്യാർഥികളെ ബസിൽ കയറ്റാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. വാഴക്കാട്ടുനിന്ന് സ്കൂൾ വിദ്യാർഥികളെ കയറ്റാതെ പോയ ബസിനെ പിന്തുടർന്ന രക്ഷിതാവ് ബസിന് കുറുകെ ബൈക്ക് നിർത്തി. തുടർന്ന് വിദ്യാർഥികളെ ബസിൽ കയറ്റാൻ ശ്രമിച്ചു. ഈ സമയം ബസ് മുന്നോട്ടെടുത്തതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഇതോടെ ഡ്രൈവറെ മർദിച്ചെന്നാരോപിച്ച് എടവണ്ണപ്പാറ - കോഴിക്കോട് റൂട്ടിൽ ഓടുന്ന എല്ലാ ബസുകളും പണിമുടക്കുകയായിരുന്നു. വിദ്യാർഥികളും ഉദ്യോഗസ്ഥരും മറ്റു യാത്രക്കാരുമെല്ലാം വലഞ്ഞു. വൈകുന്നേരം വാഴക്കാട് പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ അക്രമികൾക്കെതിരെ നടപടി എടുക്കുമെന്നറിയിച്ചതോടെ പണിമുടക്ക് പിൻവലിച്ചു. സ്കൂൾ തുറന്നതോടെ വാഴക്കാട് ഭാഗങ്ങളിൽ ബസ് കൃത്യമായി സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന പരാതിയുണ്ട്. സ്കൂൾ കുട്ടികളെ കയറ്റാതെ പോകാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറയുന്നു. സ്റ്റോപ്പിൽനിന്ന് മാറി ഏറെ മുന്നിൽ നിർത്തുകയും കുട്ടികൾ ഓടി ബസിൽ കയറാൻ ശ്രമിക്കുമ്പോൾ വീഴുന്നതും സ്ഥിരം സംഭവമാണെന്നും നാട്ടുകാർ ആരോപിച്ചു.
മിന്നൽ പണിമുടക്കിനെതിര വാഴക്കാട് പൗരാവലി ശക്തമായി പ്രതിഷേധിച്ചു. കൃത്യമായി സ്റ്റോപ്പിൽ നിർത്താതെ യാത്രക്കാരെ പ്രയാസത്തിലാക്കുന്ന ബസുകൾക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം ആദം ചെറുവട്ടൂർ, ഗ്രാമപഞ്ചായത്തംഗം അഡ്വ. എം.കെ. നൗഷാദ്, ബി.പി.എ റഷീദ്, ടി.പി. അഷ്റഫ്, എം. ഹംസത്തലി, എം.എ. കബീർ, ടി. മുസമ്മിൽ, സി.കെ. മുജീബ്, ബി.പി. ഹമീദ്, എക്സൽ ജമാൽ എന്നിവർ സംസാരിച്ചു.