വ്യാജ കമ്പനികളുടെ പേരിൽ കോടികൾ തട്ടിയ പിടികിട്ടാപ്പുള്ളി പിടിയിൽ
text_fieldsവാഴക്കാട്: ലക്ഷങ്ങളുടെ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ആധാരം വിവിധ ബാങ്കുകളിൽ പണയപ്പെടുത്തി വ്യാജ കമ്പനികളുടെ പേരിൽ കോടികൾ തട്ടിയെടുത്തതിന് എറണാകുളം പത്തടിപ്പാലം സ്കൈലൈൻ ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി അബ്ദുൽ അസീസിനെ (61) പൊലീസ് പിടികൂടി. വിവിധ ബാങ്കുകളിൽ ആധാരം പണയപ്പെടുത്തി കോടിക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്. കണ്ണൂർ, തളിപ്പറമ്പ, എടക്കാട്, മലപ്പുറം, മേലാറ്റൂർ, പാണ്ടിക്കാട്, കുളത്തൂർ, വാഴക്കാട്, പെരിന്തൽമണ്ണ, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ വഞ്ചന കേസിൽ പ്രതിയാണ് ഇയാൾ.
2014ൽ ചെമ്മക്കാട് സ്വദേശി ഗോപാലകൃഷ്ണപ്പിള്ളയുടെ ആധാരം പണയപ്പെടുത്തി 10 ലക്ഷം രൂപ നൽകി കബളിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. വാഴക്കാട് എസ്.ഐ വിജയരാജൻ, പൊലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ ജബ്ബാർ അരീക്കോട്, മുഹമ്മദ് അജ്നാസ് തേഞ്ഞിപ്പലം, കെ.ടി. റാഷിദ് വാഴക്കാട് എന്നിവരാണ് എറണാകുളം എളമക്കരയിൽനിന്ന് പ്രതിയെ പിടികൂടിയത്. വാടകവീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു ഇയാൾ. കണ്ണൂർ, കോട്ടയം, പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വിവിധ അഡ്രസുകളിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.