വിദ്യാർഥിനിയെ തള്ളിയിട്ടതായി പരാതി; വിദ്യാർഥികൾ ബസ് തടഞ്ഞു
text_fieldsവാഴക്കാട്ട് വിദ്യാർഥികൾ ബസ് തടഞ്ഞപ്പോൾ
വാഴക്കാട്: ബസിൽ കയറുന്നതിനിടെ വിദ്യാർഥിനിയെ ബസ് ജീവനക്കാർ തള്ളിയിട്ടതായി പരാതി. വാഴക്കാട് ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ വെള്ളിയാഴ്ച രാവിലെ ബസ് കോളജിനു മുന്നിൽ തടഞ്ഞു.
സംഭവമറിഞ്ഞെത്തിയ വാഴക്കാട് പൊലീസ് വിദ്യാർഥികളെ പിന്തിരിപ്പിച്ചു. ഗതാഗതം പുനഃസ്ഥാപിച്ചു. ബസിൽനിന്ന് ഉണ്ടായ അപകടത്തെ തുടർന്ന് വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ വിദ്യാർഥികൾ വാഴക്കാട് പൊലീസിൽ പരാതി നൽകി. അതേസമയം, ബസിൽ തിരക്കായതിനാൽ വിദ്യാർഥിനിയുടെ വീഴ്ച ശ്രദ്ധയിൽ പെട്ടില്ലെന്നും ദിവസവും എടവണ്ണപ്പാറ, വാഴക്കാട് ഭാഗത്തുനിന്ന് ആയിരത്തോളം വിദ്യാർഥികളെ കയറ്റി കൊണ്ടുപോവാറുണ്ടെന്നും ബസ് തൊഴിലാളികൾ പറഞ്ഞു.