മുടക്കോഴി മലയിലെ ചെങ്കൽ ഖനനം നിർത്തണമെന്ന്; ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മാർച്ച്
text_fieldsമുടക്കോഴി മലയിൽ ചെങ്കൽ ഖനനം നടത്തിയ ഭീമൻ കുഴികളിലൊന്ന്
വാഴക്കാട്: മുടക്കോഴി മലയിലെ ചെങ്കൽ ഖനനം നിർത്തി ജീവനും സ്വത്തും സംരക്ഷിക്കണമന്നാവശ്യപ്പെട്ട് തിരുവാലൂർ റെസിഡൻറ്സ് അസോസിയേഷൻ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രദേശത്തെ ഇരകളായ നൂറ് കണക്കിനാളുകൾ അണിനിരന്നു.
ജിയോളജി വകുപ്പ് നിയമങ്ങൾ കാറ്റിൽ പറത്തി മലയിൽ വ്യാപകമായി നടത്തുന്ന ഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് മാർച്ച് മുന്നറിയിപ്പ് നൽകി.
വർഷങ്ങളായി തുടരുന്ന അനധികൃത ഖനനം മൂലം രൂപപ്പെട്ട വലിയ കുഴികളിൽ കാലവർഷം കനക്കുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ട് പ്രദേശവാസികളിൽ ഭീതി പരത്തുന്നുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപിക്കാതെയുള്ള ഖനനം നിർത്തിയില്ലെങ്കിൽ വലിയ ദുരന്തത്തിനിടയാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ചീനി ബസാറിൽ നടന്ന പൊതുപരിപാടി പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ എം.സി. സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ അഡ്വ. എം.കെ. നൗഷാദ്, മൂസക്കുട്ടി, സി.കെ. റഷീദ്, മുജീബ് മോട്ടമ്മൽ, സുരേഷ് അനന്തായൂർ, ഗോപാലൻ, ശ്രീനിവാസൻ, ബഷീർ പുളിയം തൊടി, കുഞ്ഞിക്കോയ, ഷുക്കൂർ വാഴക്കാട്, എക്സൽ ജമാൽ, അബ്ദുല്ല എന്നിവർ സംസാരിച്ചു.