ഈ മത്സ്യം പറയും കാരുണ്യത്തിെൻറ കഥ...
text_fieldsചാലിയാറിലെ മപ്രം മുട്ടുങ്ങൽ കടവിൽനിന്ന് പിടിച്ച ഭീമൻ കട്ല
ചൂണ്ടയിൽ കുരുത്ത ഭീമൻ മത്സ്യത്തെ കാരുണ്യപ്രവർത്തനത്തിന് കൈമാറി അബ്ദുൽ ഗഫൂർ. ചാലിയാറിലെ മപ്രം മുട്ടുങ്ങൽ കടവിൽനിന്ന് പിടിച്ച പത്ത് കിലോയിലധികം വരുന്ന കട്ല മത്സ്യത്തെയാണ് വൃക്കകൾ തകരാറിലായി മരണത്തോട് മല്ലിടുന്ന ചെറുവായൂർ സ്വദേശിയുടെ ചികിത്സ സഹായ ഫണ്ടിലേക്ക് നൽകിയത്. തഖിയക്കൽ അബ്ദുൽ ഗഫൂർ തനിക്ക് ചൂണ്ടയിൽ കിട്ടുന്ന ആദ്യ മത്സ്യം സംഭാവന ചെയ്യുമെന്ന പ്രതിജ്ഞയെടുത്താണ് കഴിഞ്ഞദിവസം ചാലിയാറിലെ മപ്രം കടവിൽ ചൂണ്ടയെറിഞ്ഞത്.
മൂന്ന് മിനിറ്റിെൻറ കാത്തിരിപ്പിനൊടുവിൽ മത്സ്യം കുടുങ്ങി. കട്ല വർഗത്തിൽപെട്ട ഭീമൻ മത്സ്യത്തിന് പത്ത് കിലോയിലധികം ഭാരമുണ്ടായിരുന്നതായി അബ്ദുൽ ഗഫൂർ പറഞ്ഞു. ഇമ്പീരിയൽ അബ്ദുസ്സലാം പതിനായിരം രൂപക്ക് മത്സ്യം ലേലത്തിൽ വിളിച്ചെടുത്തു. വീണ്ടും ഇതേ മത്സ്യത്തിെൻറ പകുതി ഭാഗം ചികിത്സാ സഹായ കമ്മിറ്റിക്കുതന്നെ സംഭാവന നൽകി.
ഇതുസ്ഥലത്തെ ടി.കെ. ഉബൈദ് എന്ന മറ്റൊരു ജീവകാരുണ്യ പ്രവർത്തകൻ 5000 രൂപക്ക് വിളിച്ചെടുത്തതോടെ 15000 രൂപ ലേല സംഖ്യ കിട്ടി. അത് സഹായ ഫണ്ടിലേക്ക് നൽകുകയും ചെയ്തു ചെയ്തു. ചെറുവായൂർ സ്വദേശിയുടെ ചികിത്സക്ക് വേണ്ടി നാട്ടുകാർ ബിരിയാണി ചാലഞ്ച് നടത്തി ധനസമാഹരണം നടത്തിയിരുന്നു. സാധ്യമായവരെല്ലാം ഈ സംരഭത്തിൽ പങ്കാളികളാവുകയും ചെയ്തു.