കനത്ത മഴയിൽ വീട് തകർന്നു; മൂന്ന് വീടുകൾ ഭീഷണിയിൽ
text_fieldsവഴിക്കടവ്: ബുധനാഴ്ച രാത്രിയുണ്ടായ കനത്ത വേനൽ മഴയിൽ പൂവ്വത്തിപൊയിലിലെ വീട് ഭാഗികമായി തകർന്നു. മൂന്ന് വീടുകൾ ഭീഷണിയിലായി. നാലുസെന്റ് കോളനിയിലെ ആദിവാസി മൂച്ചിക്കൽ കുട്ടന്റെ വീടാണ് തകർന്നത്. ഓടും മരങ്ങളും താഴെ വീണു. കനത്ത മഴപെയ്തതോടെ വീട്ടിലുണ്ടായിരുന്നവർ സമീപത്തെ വീട്ടിൽ അഭയം തേടിയതുമൂലം ആർക്കും പരിക്കില്ല.
15 വർഷം മുമ്പ് നിർമിച്ച വീടിന്റെ പലഭാഗങ്ങളും തകർച്ച ഭീഷണിയിലാണ്. സമീപത്തെ ആദിവാസി കുടുംബങ്ങളായ മൂച്ചിക്കൽ വെള്ളൻ, നീലി, കുട്ടിപാലൻ, ചന്ദ്രൻ, ഗീത എന്നിവരുടെ വീടുകളും ഭീഷണിയിലായിട്ടുണ്ട്. കോളനി വീടുകളാണിവ. ഇവക്ക് ചേർന്നുള്ള ഓവുചാൽ പലയിടത്തും തകർന്നുകിടക്കുകയാണ്.
ഓവുചാലിലൂടെയുള്ള മലവെള്ള പാച്ചിലാണ് വീടുകൾക്ക് ഭീഷണിയായത്. വീടുകൾ പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് കുടുംബങ്ങൾ നിരവധി തവണ പട്ടികവർഗവകുപ്പിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.