കാട്ടുപന്നികളുടെ കൂട്ടമരണം; വനം വകുപ്പ് പരിശോധന തുടങ്ങി
text_fieldsനറുക്കുംപൊട്ടിയിൽ കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡം
വഴിക്കടവ്: ജനവാസ കേന്ദ്രത്തിൽ ഉൾപ്പെടെ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകുന്നതിന്റെ കാരണം കണ്ടെത്താൻ നടപടിയുമായി വനം വകുപ്പ്. ഒരു മാസത്തിനിടെ 40ലധികം കാട്ടുപന്നികളാണ് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ ചത്തത്. ബുധനാഴ്ച നറുക്കുംപൊട്ടിയിൽ ജനവാസ കേന്ദ്രത്തിന് സമീപം കണ്ട കാട്ടുപന്നിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി.
സാംപിളുകൾ വയനാട് പൂക്കോട് വെറ്ററിനറി ലാബിലേക്ക് പരിശോധനക്കയച്ചു. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ എസ്. ശ്യാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വൈറസ് ബാധയാണെന്നാണ് നിഗമനം. വഴിക്കടവ് വനം റേഞ്ചിന് കീഴിലെ നറുക്കുംപ്പൊട്ടി, മണൽപ്പാടം, കമ്പളക്കല്ല് എന്നിവിടങ്ങളിലാണ് വനത്തിനുള്ളിലും സമീപത്തെ കൃഷിയിടങ്ങളിലുമായി കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടത്.
വിഷം വെച്ചതായിരിക്കും എന്നാണ് വനം വകുപ്പ് ആദ്യം സംശയിച്ചിരുന്നതെങ്കിലും പിന്നീട് അതല്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. കാട്ടുപന്നികൾ ചാകുന്നതിലെ ആശങ്കകൾ അകറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.


