ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച പ്രതികൾ പിടിയിൽ
text_fieldsനിഖില്‍ ജിലീഷ്
വഴിക്കടവ്: ബൈക്ക് യാത്രകാരനെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടി. വഴിക്കടവ് നരുവാലമുണ്ട പരിയാരത്ത് വീട്ടിൽ ജിലീഷ് (27), വഴിക്കടവ് മരുത പുളിക്കല്‍ സ്വദേശി എളായി വീട്ടില്‍ നിഖില്‍ (27) എന്നിവരെയാണ് വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. മേയ് ഏഴിന് വൈകുന്നേരം ഏഴിന് മരുതക്കടവിലായിരുന്നു സംഭവം. പരാതിക്കാരന്റെയും പ്രതികളുടെയും ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. തുടർന്നുണ്ടായ വാക്ക് തർക്കത്തിലാണ് പരാതിക്കാരനെ പ്രതികൾ ചേർന്ന് ക്രൂരമായി മർദിച്ചത്.
പുഴയിലേക്ക് തള്ളിയിട്ട് അവിടെ വെച്ചും മർദിച്ചതായി പറയുന്നു. പൊലീസിൽ പരാതിപ്പെട്ടതറിഞ്ഞ് പ്രതികൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കാടാമ്പുഴ പാങ്ങിൽ വെച്ചാണ് ഇവരെ പിടികൂടി അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വഴിക്കടവ് എസ്.ഐ ജോസ്, എ.എസ്.ഐ ഫിര്‍ഷാദ്, എസ്.സി.പി.ഒമാരായ സൂര്യകുമാര്‍, അന്‍വര്‍, പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.