വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയില്ല, ഡയാലിസിസ് സെന്ററുമില്ല
text_fieldsവേങ്ങരയിൽ കോടികൾ ചെലവഴിച്ചു സാമൂഹികാരോഗ്യ കേന്ദ്രത്തിനു വേണ്ടി നിർമിച്ച ബഹുനില കെട്ടിടം
വേങ്ങര: വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കോടികൾ ചെലവഴിച്ചു കെട്ടിപ്പൊക്കിയ ബഹുനില കെട്ടിടം വെറുതെയായെന്നു പരാതിയുയരുന്നു. 2020 ജൂലൈ ഏഴിനാണ് ഈ കെട്ടിടം ഉദ്ഘാടനം നടന്നത്. അതിനുശേഷം കിടത്തി ചികിത്സ നടക്കുന്നില്ലെന്ന പരാതി പരിഹരിക്കാൻ കലക്ടർ ജില്ല മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകേണ്ടി വന്നു. ഇങ്ങനെ ആർക്കോ വേണ്ടി തുടങ്ങിയ കിടത്തി ചികിത്സയും കാലക്രമേണ നിലച്ചു. ഇപ്പോൾ ഒരു വർഷത്തോളമായി ഈ ആശുപത്രിയിൽ കിടത്തി ചികിത്സയില്ല.
മാത്രമല്ല ഒമ്പത് സിവിൽ സർജന്മാരുടെ പോസ്റ്റ് ഉണ്ടെങ്കിലും ഒന്ന് ഒഴിഞ്ഞുകിടക്കുന്നു. ഉണ്ടായിരുന്ന രണ്ടുപേരെ മറ്റു ആശുപത്രികളിലേക്ക് നിയോഗിച്ചു. മെഡിക്കൽ ഓഫിസർ തസ്തികയിൽ തൽക്കാലത്തേക്കു ഒരു ഡോക്ടർക്ക് ചുമതല നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ ആറ് ഡോക്ടർമാരും മൂന്നു നഴ്സിങ് അസിസ്റ്റന്റുമാരും ലാബ് ടെക്നിഷ്യനും മാത്രം ജോലി ചെയ്യുന്ന ഈ ആശുപത്രിയിൽ കിടത്തിചികിത്സ സാധ്യമല്ലെന്നാണ് അധികൃതർ പറയുന്നത്.
വേങ്ങര, പറപ്പൂർ, ഊരകം, കണ്ണമംഗലം, എ.ആർ. നഗർ ഗ്രാമപഞ്ചായത്തുകളിലെ രോഗികളുടെ ഏക ആശ്രയമായിരുന്ന വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൽ ഡയാലിസിസ് സെന്റർ തുടങ്ങുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാലിത് കേവലം പ്രഖ്യാപനത്തിൽ ഒതുങ്ങി. ഇപ്പോൾ ആശുപത്രിയിൽ ആധുനിക ലാബ് സൗകര്യം, ലക്ഷങ്ങൾ മുടക്കി ആധുനിക സൗകര്യങ്ങളോടെയുള്ള എക്സ്റേ യൂനിറ്റ് എന്നിവ തുടങ്ങിയിട്ടുണ്ട്. ശിശു രോഗ ചികിത്സക്കും പ്രസവചികിത്സക്കും പേര് കേട്ട ആശുപത്രിയായിരുന്ന ഈ സ്ഥാപനത്തിന്റെ ഗതികേട് എന്ന് തീരുമെന്നാണ് ജനം ചോദിക്കുന്നത്.