തലക്ക് മുകളിൽ 10,000 ലിറ്റർ ഫൈബർ ജല സംഭരണി; ഭീഷണിയിൽ കുടുംബങ്ങൾ
text_fieldsവേങ്ങര പഞ്ചായത്ത് നാലാം വാർഡ് പാക്കടപ്പുറായയിൽ ഉപയോഗ യോഗ്യമല്ലാത്ത ജല സംഭരണി
വേങ്ങര: ഭീഷണിയായി ഉപയോഗ യോഗ്യമല്ലാത്ത 10,000 ലിറ്റർ ഫൈബർ ജല സംഭരണി. ഇതിന് കീഴിൽ ഭയപ്പാടോടെ കഴിയുകയാണ് നിരവധി കുടുംബങ്ങൾ. വേങ്ങര പഞ്ചായത്ത് നാലാം വാർഡ് പാക്കടപ്പുറായയിലാണ് ഉപയോഗ യോഗ്യമല്ലാത്ത ജല സംഭരണി ഭീഷണിയുയർത്തുന്നത്.
20 വർഷങ്ങൾക്ക് മുമ്പാണ് മാടംചിന ബാലിക്കാട് കുടിവെള്ള പദ്ധതിയുടെ പേരിൽ സംഭരണി സ്ഥാപിച്ചത്. താവയിൽ പള്ളിക്കടുത്തുള്ള വയലിലെ കുളത്തിൽ നിന്നാണ് ഇതിലേക്ക് വെള്ളമെത്തിച്ചിരുന്നത്. എന്നാൽ ജലനിധി പദ്ധതി മുഖേന വീടുകളിൽ വെള്ളമെത്തിയതോടെ പദ്ധതി പഞ്ചായത്ത് ഉപേക്ഷിച്ചു.
ഇതോടെ പൈപ്പ് ലൈനുകളും നശിക്കാൻ തുടങ്ങി. വെള്ളമില്ലാത്ത ജലശേഖരണി കോൺക്രീറ്റ് സ്ലാബിൽ ഉറപ്പിച്ചിട്ടില്ലാത്തതിനാൽ കാറ്റടിച്ചാൽ താഴെ വീഴാൻ സാധ്യതയുണ്ടെന്നു പരിസര വാസികൾ പറയുന്നു. ടാങ്ക് തൊട്ടടുത്ത വീടുകൾക്ക് മുകളിൽ പതിച്ചാൽ അപകടത്തിന് കാരണമാകും. ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് ജലസംഭരണി എന്നും തലവേദനയാണ്.
ജല സംഭരണി താഴെ ഇറക്കണമെന്ന നാട്ടുകാരുടെ ആവശ്യം പഞ്ചായത്ത് അധികൃതർ ചെവിക്കൊള്ളുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഇതിനായി പഞ്ചായത്തിൽ സമ്മർദം ചെലുത്തുമെന്ന് വാർഡ് മെംബർ നുസ്രത്ത് തുമ്പയിൽ പറഞ്ഞു. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതി കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ‘മാധ്യമ’ത്തോട് പറഞ്ഞു.