ലഹരി വേട്ടയിൽ അഞ്ച് പേർ പിടിയിൽ
text_fieldsഷരീഫ്, പ്രമോദ്, റഷീദ്, അഫ്സൽ, അജിത്ത്
വേങ്ങര: ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിടികൂടി. വേങ്ങര കൂനാരി വീട്ടിൽ മുഹമ്മദ് ഷരീഫ് (35), ഊരകം മേൽമുറി മമ്പീതി സ്വദേശി യു.ടി. പ്രമോദ് (30), വേങ്ങര വലിയോറ ചേറ്റിപ്പുറമാട് നമ്പൻ കുന്നത്തുവീട്ടിൽ അഫ്സൽ (36), മറ്റത്തൂര്‍ കൈപ്പറ്റ സ്വദേശി കല്ലംകുത്ത് റഷീദ് (35), കണ്ണമംഗലം നൊട്ടപ്പുറം മണ്ണിൽ വീട്ടിൽ അജിത്ത് (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ലഹരി വസ്തുക്കളുടെ ആവശ്യക്കാരെയും ഉപയോഗിക്കുന്നവരെയും അകത്ത് പ്രവേശിപ്പിച്ച്, ലഹരി വിൽപന കേന്ദ്രത്തിലേക്കുള്ള കവാടത്തിലെ ഇരുമ്പ് ഗേറ്റിള്ളിൽനിന്ന് പൂട്ടി അതീവ രഹസ്യമായാണ് ലഹരി വിൽപന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ പൊലീസ് തന്ത്രപരമായി ഈ കേന്ദ്രത്തിലേക്ക് പ്രവേശിച്ചാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾക്ക് എം.ഡി.എം.എയും കഞ്ചാവും എത്തിച്ചു നൽകിയവരെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മലപ്പുറം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീം, ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി കെ.എം. ബിജു, വേങ്ങര പൊലീസ് ഇൻസ്പെക്ടർ ആർ. രാജേന്ദ്രൻ നായർ, വേങ്ങര പൊലീസ് സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, എസ്.സി.പി.ഒ സി. ഷബീർ, സാഹിർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.