കലക്ടറുടെ വിലക്കിന് പുല്ലുവില
text_fieldsവേങ്ങരപ്പാടത്ത് പാലശ്ശേരിമാട് പാടശേഖരം മണ്ണിട്ട്
നികത്തുന്നു
വേങ്ങര: ഒഴിവുദിനത്തിൽ പാടം മണ്ണിട്ട് നികത്തുന്നതായി പരാതി. വേങ്ങര ഗ്രാമ പഞ്ചായത്ത് വാർഡ് 23ൽ വേങ്ങരപ്പാടത്ത് പാലശ്ശേരിമാട് പാടശേഖരത്തിലാണ് പാടം തകൃതിയായി മണ്ണിട്ട് നികത്തുന്നത്. മണ്ണിട്ട് നികത്തുന്ന വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം വേങ്ങര വില്ലേജ് ഓഫിസർ ടി.വി. പ്രസാദ്, ഉദ്യോഗസ്ഥരായ സതീഷ്, ഷാജി എന്നിവർ ചേർന്ന് സ്ഥലം സന്ദർശിക്കുകയും സ്ഥലമുടമയോട് പാടം നികത്തുന്നത് നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം റവന്യു ഉദ്യോഗസ്ഥർ വിവരം വേങ്ങര പൊലീസ് സ്റ്റേഷനിലും അറിയിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഞായറാഴ്ചയും പാടം മണ്ണിട്ട് നികത്തുന്ന ജോലി തുടർന്നതായി നാട്ടുകാർ പറയുന്നു. വയൽ തരം മാറ്റാൻ സ്ഥലമുടമ ജില്ല കലക്ടർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും ഈ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നറിയുന്നു. മാത്രമല്ല, വയൽ നികത്തരുതെന്ന കലക്ടറുടെ നിർദേശം കാറ്റിൽ പറത്തിയാണ് ഞായറാഴ്ചയും പാടം മണ്ണിട്ട് നികത്താൻ ശ്രമിച്ചതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.