Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVengarachevron_rightകണ്ണമംഗലം ലീഗിന്റെ...

കണ്ണമംഗലം ലീഗിന്റെ പൊന്നാപുരം കോട്ട; വിള്ളൽ വീഴ്ത്താൻ ശ്രമങ്ങളുമായി ഇടതു മുന്നണി

text_fields
bookmark_border
കണ്ണമംഗലം ലീഗിന്റെ പൊന്നാപുരം കോട്ട; വിള്ളൽ വീഴ്ത്താൻ ശ്രമങ്ങളുമായി ഇടതു മുന്നണി
cancel

വേങ്ങര: കണ്ണമംഗലം മുസ്‍ലിം ലീഗിന് അപ്രമാദിത്തമുള്ള പഞ്ചായത്താണെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. പഞ്ചായത്ത് നിലവിൽ വന്ന വർഷം തന്നെ, യു.ഡി.എഫ് സംവിധാനത്തിൽനിന്നു കോൺഗ്രസിനെ പുറത്താക്കി പകരം സി. പി. എമ്മിനോട് ചേർന്ന് ലീഗ് അധികാരത്തിലേറുകയായിരുന്നു. അടവു നയം എന്ന് പേരിട്ട ഈ കൂട്ടുകെട്ടിന്റെ അധ്യക്ഷനായി പരേതനായ ചാക്കീരി കുഞ്ഞുട്ടി പ്രസിഡന്റും സി.പി.എം പ്രതിനിധി ഇ.കെ. ബാവ വൈസ് പ്രസിഡന്റുമായി പഞ്ചായത്തിന്റെ ഭരണം പങ്കിട്ടു.

എന്നാൽ രണ്ടര വർഷം പിന്നിടുമ്പോഴേക്ക് രാഷ്ട്രീയ സാഹചര്യം മാറുകയും ലീഗും കോൺഗ്രസും ഒന്നിച്ചു ഭരണം യു.ഡി. എഫ് സംവിധാനത്തിലേക്ക് മാറുകയും ചെയ്തു. പാരിതോഷികമായി മുസ്‍ലിം ലീഗ്, കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം നൽകിയതിനാൽ സി. ബാലൻ മാസ്റ്റർ പ്രസിഡന്റ് പദവി ഏറ്റെടുത്തു. തുടർന്ന് 2005 ലും 2010 ലും കോൺഗ്രസും ലീഗും യു. ഡി. എഫ് സംവിധാനത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുകയും വൻ ഭൂരിപക്ഷത്തിൽ ഭരണം കയ്യാളുകയും ചെയ്തു. 2015 ആയപ്പോഴേക്കും ലീഗും കോൺഗ്രസ്സും തമ്മിലുള്ള പടലപ്പിണക്കം മൂർച്ഛിക്കുകയും, യു. ഡി. എഫ് സംവിധാനത്തിൽനിന്ന് കോൺഗ്രസ്സ് വിട്ടുമാറുകയും ചെയ്തു.

കോൺഗ്രസും ഇടതുപക്ഷവും വെൽഫെയർ പാർട്ടിയും ചേർന്ന് മുന്നണിയായി മത്സരിച്ചു. ലീഗ് ഒരു ഭാഗത്തും എൽ.ഡി.എഫും കോൺഗ്രസും വെൽഫെയർ പാർട്ടിയും ഉൾപ്പെടെ മറുപക്ഷത്തു അണി നിരന്നിട്ടും, ആകെ 20 വാർഡുകളിൽ 11 സീറ്റ് നേടി ലീഗ് അധികാരം പിടിച്ചെടുത്തു. ഇതോടെ, അഞ്ചു വർഷം യു.ഡി.എഫിനും പഞ്ചായത്ത് ഭരണത്തിനും പുറത്തിരുന്ന കോൺഗ്രസ് 2020 ൽ വീണ്ടും ലീഗുമായി ചേർന്ന് യു. ഡി. എഫ് മുന്നണിയായാണ് മത്സരിച്ചത്.

ഇത്തവണ 20 വാർഡുകളിൽ 16 സീറ്റിലും യു. ഡി. എഫ് വെന്നിക്കൊടി നാട്ടി. രണ്ട് എൽ. ഡി. എഫ് സ്വതന്ത്രരും, രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും ജയിച്ചു കയറി. പക്ഷെ ഈ ബോർഡ് അഞ്ചു വർഷം തികയുന്നതിനു മാസങ്ങൾക്കു മുമ്പ് സ്വതന്ത്ര വേഷത്തിൽ വിജയിച്ച സ്ഥാനാർഥിയു. ഡി. എഫ് പാളയത്തിൽ അഭയം തേടി. അതോടെ യു. ഡി. എഫിന് 16 സീറ്റ് എന്നത് 17 സീറ്റിലേക്ക് ഉയർന്നു. ഗ്രാമപഞ്ചായത്ത് രൂപം കൊണ്ട് ഇരുപതിയഞ്ചു വർഷം പൂർത്തിയായ ഒക്ടോബറിൽ പഞ്ചായത്തിന്റെ സിൽവർ ജൂബിലിയും ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ കെങ്കേമമായി ആഘോഷിച്ചു.

2025 ൽ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ യു. ഡി.എഫ് സംവിധാനത്തിൽ ചില നീക്കുപോക്കുകൾ നടത്തി മുന്നണി സംവിധാനം ശക്തമാക്കിയിട്ടുണ്ട്. 2015-20 കാലഘട്ടത്തിൽ പഞ്ചായത്തിൽ ഒരു പ്രതിനിധി ഉണ്ടായിരുന്ന വെൽഫെയർ പാർട്ടിക്ക് ഒരു സീറ്റ് നൽകാൻ യു.ഡി.എഫിൽ ധാരണയായി. പകരം മറ്റു വാർഡുകളിൽ വെൽഫെയർ പാർട്ടി യു.ഡി.എഫുമായി സഹകരിച്ചു പ്രവർത്തിക്കും.

ഇത്തവണ പുതുതായി കൂട്ടിച്ചേർത്ത നാലു വാർഡുകൾ ഉൾപ്പെടെ 24 വാർഡുകളിൽ 15 വാർഡുകളിൽ ലീഗും എട്ടു വാർഡുകളിൽ കോൺഗ്രസും എട്ടാം വാർഡ്‌ ചേറൂരിൽ വെൽഫെയർ പാർട്ടിയും മത്സരിക്കുന്നു. എൽ.ഡി.എഫ് ബാനറിൽ മുഴുവൻ സീറ്റിലും സ്ഥാനാർഥികൾ മത്സരിക്കുന്നു. വാർഡ് തലങ്ങളിൽ ശക്തമായ മത്സരം കാഴ്ച വെക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. ചില വാർഡുകളിൽ എൽ. ഡി. എഫ് സ്വതന്ത്രരും രണ്ട് വാർഡുകളിൽ സി. പി. എം സ്വന്തം ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. ശക്തമായ പോരാട്ടം നടത്തി വോട്ട് പെട്ടിയിലാക്കാനാണ് ഇടത് ശ്രമം. പഞ്ചായത്തിൽ ബി. ജെ. പി യും ഒമ്പതു വാർഡുകളിൽ മത്സര രംഗത്തുണ്ട്.

Show Full Article
TAGS:Kerala Local Body Election ldf vengara 
News Summary - Kannamangalam League's Ponnapuram stronghold; Left Front trying to create a rift
Next Story