കോഴിക്കോട് കോര്‍പറേഷനിലെ മാലിന്യം മിനി ഊട്ടിയില്‍ തള്ളിയ നിലയിൽ
text_fieldsകോഴിക്കോട് ഹരിത കർമ സേനയുടെ ചാക്കിൽ ഊരകം ഗ്രാമപഞ്ചായത്ത് പരിധിയിൽ തള്ളിയ പ്ലാസ്റ്റിക് മാലിന്യം
വേങ്ങര: ഊരകം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിനോദസഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളി. മിനി ഊട്ടി ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ പള്ളിയുടെ എതിര്‍വശത്താണ് വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ചതെന്ന് അനുമാനിക്കുന്ന അജൈവ മാലിന്യം വലിയ തോതിൽ തള്ളിയിട്ടുള്ളത്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ പൊതുസ്ഥലത്ത് തള്ളിയതായാണ് കാണുന്നത്.
ഊരകം ഗ്രാമ പഞ്ചായത്ത് അധികൃതരുടെ പരിശോധനയില്‍ കോഴിക്കോട് കോര്‍പറേഷനിൽനിന്ന് ശേഖരിച്ച് കൊണ്ടുവന്നതാണെന്ന് കാണുന്നു. കോഴിക്കോട് കോര്‍പറേഷനില്‍ ഹരിത കര്‍മസേന ഉപയോഗിക്കുന്ന ‘അഴക്’ എന്ന് രേഖപ്പെടുത്തിയ ചാക്കുകളും ഇക്കൂട്ടത്തിലുണ്ട്.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഊരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വേങ്ങര പൊലീസ് സ്റ്റേഷനിലും ജില്ല പൊലീസ് മേധാവിക്കും മലപ്പുറം തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടര്‍ക്കും ജില്ല ശുചിത്വ മിഷന് കോഓഡിനേറ്റര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെരുപ്പടിമലയുടെ മൊറയൂർ ഭാഗത്തും ഇതേ ഇനം മാലിന്യം തള്ളിയതായി റിപ്പോർട്ട് ഉണ്ട്. മാലിന്യ സംസ്കരണത്തിന് കരാറെടുത്ത സംഘം തള്ളിയതാവും മാലിന്യമെന്ന് കരുതുന്നു.