തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ ക്രൂശിക്കാനാണോ സർക്കാർ? - പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് നടത്തിയ പ്രതിഷേധ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിക്കുന്നു
വേങ്ങര: സംസ്ഥാനത്ത് വികസന പദ്ധതികൾ നാട്ടുകാർ പിരിവെടുത്ത് നടത്തേണ്ട സാഹചര്യമാണുള്ളതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. കെ-സ്മാർട്ട് സോഫ്റ്റ് വെയർ നടപ്പാക്കിയത് മൂലമുള്ള പ്രതിസന്ധികൾ പരിഹരിക്കുക, പി.എം.എ.വൈ ഭവനപദ്ധതിയിലേക്ക് അപേക്ഷ നൽകാനുള്ള അവസരം നിഷേധിച്ച സംസ്ഥാന സർക്കാർ നടപടി തിരുത്തുക, തദ്ദേശ സ്ഥാപന ഓഫിസുകളിൽ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് (എൽ.ജി.എം.എൽ) സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം വേങ്ങരയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര പ്രാധാന്യത്തോടെ കാണേണ്ട ആരോഗ്യമേഖലയിന്ന് കുത്തഴിഞ്ഞ നിലയിലായി.
തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടുന്നവരെ ക്രൂശിക്കുകയാണ്. ഇതിനാണോ സർക്കാർ നിലകൊള്ളേണ്ടത്? പ്രധാന മേഖലയായ പൊതുമരാമത്തിൽ പോലും അത്യാവശ്യത്തിന് ഫണ്ടില്ല. നാടുകാണി പരപ്പനങ്ങാടി സംസ്ഥാന പാത കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ടെൻഡറിട്ട് കരാർ നൽകിയതാണ്. നിരവധി മണ്ഡലങ്ങളിലൂടെ കടന്നുപോവുന്ന പ്രധാന റോഡായിട്ടും ഇപ്പോഴും പണി പൂർത്തിയാക്കാനായില്ല. ഫണ്ടും ജീവനക്കാരും മുന്നൊരുക്കങ്ങളുമില്ലാതെയാണ് സർക്കാർ പല പദ്ധതികളും നടപ്പാക്കാൻ ശ്രമിക്കുന്നത്. കെ-സ്മാർട്ട് പദ്ധതി ഇതിന് ഉദാഹരണമാണെന്നും സംസ്ഥാനത്ത് ഇന്നെല്ലാം സ്തംഭനാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര പ്രാധാന്യം നൽകി പരിഹാരമുണ്ടാക്കാത്ത പക്ഷം യു.ഡി.എഫ് കടുത്ത പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എൽ.ജി.എം.എൽ സംസ്ഥാന പ്രസിഡന്റ് കെ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. പി.കെ. അസ്ലു, പി.കെ. അലി അക്ബർ, ജില്ല പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ മൂസഹാജി കടമ്പോട്ട്, കെ.കെ. മൻസൂർ കോയ തങ്ങൾ, യു.എം. ഹംസ, വി. സലീമ ടീച്ചർ, കെ.പി. ഹസീന ഫസൽ, പറമ്പിൽ അബ്ദുൽഖാദർ, ടി.വി. ഇഖ്ബാൽ, പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പി.കെ. റഷീദ് സ്വാഗതവും കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.