വേങ്ങര ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി മുജീബുറഹ്മാന്‍ പുരസ്കാരം
text_fieldsഎ. മുജീബ് റഹ്മാൻ
വേങ്ങര: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവക്ക് സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ കേൾവി ഭിന്നശേഷി വിഭാഗത്തിലെ പുരസ്കാരത്തിന് വേങ്ങര ജി.വി.എച്ച്.എസ്.എസിലെ കമ്പ്യൂട്ടർ സയൻസ് ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എ. മുജീബ് റഹ്മാൻ (50) തെരഞ്ഞെടുക്കപ്പെട്ടു.
കേൾവി പരിമിതിയെ മറികടന്ന് പാഠ്യ-പാഠ്യേതര പരിപാടികളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന മുജീബുറഹ്മാന്‍, അർഹതക്കുള്ള അംഗീകാരമായി പുരസ്കാര പ്രഖ്യാപനമെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
കമ്പ്യൂട്ടർ ലാബിൽ പ്രാക്ടിക്കലുകളിൽ വൊക്കേഷണൽ ഇൻസ്ട്രക്ടറേയും വിദ്യാർഥികളേയും ഒരുപോലെ സഹായിക്കുകയും ആവശ്യമായ സജ്ജീകരണം ഒരുക്കുകയും ചെയ്യുന്നയാളാണ് ഇദ്ദേഹം.
കേൾവി ഭിന്നശേഷിക്കാരായ മലപ്പുറത്തെ കായികതാരങ്ങളെ ജില്ല, സംസ്ഥാന, ദേശീയ കായികമേളകളിൽ പങ്കെടുപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുന്നതും ഇദ്ദേഹം തന്നെ.
ഡെഫ് എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ്, ഓൾ കേരള ഡെഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ, ജില്ല ബധിര സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. മലപ്പുറം കോഡൂർ വലിയാട് സ്വദേശിയായ ഇദ്ദേഹത്തിന് ആറാം വയസ്സിൽ ബാധിച്ച പനിയാണ് കേൾവിശക്തി ഇല്ലാതാക്കിയത്. ഇതേതുടർന്ന് തിരുവനന്തപുരം ജഗതി ഡെഫ് സ്കൂൾ, കോഴിക്കോട് റഹ്മാനിയ എന്നിവിടങ്ങളിൽ നിന്നായി പഠനം.
തുടർന്ന് ഡിപ്ലോമ പഠനം പൂർത്തിയാക്കിയ മുജീബിന് 2001ൽ മമ്പാട് ജി.വി.എച്ച്.എസ്.എസിൽ ജോലി ലഭിച്ചു. ശേഷം 2008ൽ വേങ്ങര ജി.വി.എച്ച്.എസ്.എസിലേക്ക് മാറ്റം ലഭിച്ചു.
ഭാര്യ ഖൈറുന്നീസ, മകൻ മുഹമ്മദ് ജിഷാദ്, മകൾ ജിൽഷ ഷെറിൻ എന്നിവർക്കൊപ്പം കോഡൂരിൽ താമസിക്കുന്ന മുജീബ്, സ്വന്തം സ്കൂട്ടർ ഓടിച്ചാണ് സ്കൂളിൽ എത്തുന്നത്.