ആറുവരിപ്പാതയിൽ കൂരിയാട് പാലത്തിൽ അഞ്ചു വരി മാത്രം
text_fieldsകടലുണ്ടിപ്പുഴക്ക് മീതെ കൂരിയാട് പാലത്തിൽ സർവിസ് റോഡ് ഉൾപ്പെടെ ദേശീയപാത രണ്ടുവരിയായി ചുരുങ്ങുന്നു. സർവിസ്
റോഡ് തുടങ്ങുന്നു എന്ന ബോർഡും കാണാം
വേങ്ങര: ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66 കൂരിയാട് പാലത്തിൽ എത്തുമ്പോൾ സർവിസ് റോഡ് ഉൾപ്പെടെ അഞ്ചുവരി മാത്രം. കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള പാലത്തിലാണ് സർവിസ് റോഡ് ഉൾപ്പെടെ അഞ്ചു വരിയായി ചുരുങ്ങിയത്. 40 വർഷത്തോളം പഴക്കമുള്ള പഴയ പാലത്തിനോട് ചാരി, പാലത്തിന്റെ കിഴക്കുവശത്ത് മൂന്നു വരി ഉൾകൊള്ളാവുന്ന പുതിയ പാലം നിർമിച്ചിട്ടുണ്ട്. എന്നാൽ പടിഞ്ഞാറുവശത്ത് കാലപ്പഴക്കം ചെന്ന പാലം നിലനിർത്തുകയായിരുന്നു. വീതി കുറഞ്ഞ ഈ പാലത്തിൽ രണ്ടു വരി റോഡിനു മാത്രമേ വീതിയുള്ളൂ.
കക്കാട് ഭാഗത്തുനിന്നും കൂരിയാട് പാലത്തിൽ എത്തുന്നതോടെ സർവിസ് റോഡും മൂന്നുവരിപ്പാതയും ഉൾപ്പെടെ രണ്ടുവരിയായി ചുരുങ്ങും. ഇത് നേരത്തെ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും പരാതി കണക്കിലെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. 40 വർഷം പഴക്കമുള്ള പഴയ പാലം പൊളിച്ചു മാറ്റി ആവശ്യത്തിന് വീതി കൂട്ടി നിർമിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നു.
എന്നാൽ നിർമാണം കരാറെടുത്ത കമ്പനി ചെലവ് കുറക്കാൻ പഴയ പാലം നിലനിർത്തുകയായിരുന്നുവെന്ന് വ്യാപക പരാതിയുണ്ട്. കൂരിയാട് വയലിൽ പണി പൂർത്തിയായ ആറുവരിപ്പാത, വയലിലെ ചെളിയിൽ വ്യാപകമായി ആണ്ടുപോയതുപോലെ, വലിയ ദുരന്തം ഉണ്ടാവുന്നതിനു മുമ്പേ പാലം വീതി കൂട്ടി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കൂരിയാട് ദേശീയപാത തകർന്നിടത്ത് റോഡ് പൊളിച്ചുമാറ്റി ഏകദേശം അര കിലോമീറ്റർ നീളത്തിൽ വയഡക്റ്റ് നിർമാണം ദ്രുതഗതിയിൽ നടന്നു വരികയാണ്.