കുരുന്നുകളാണ്, കൈവിടരുത്...
text_fieldsവേങ്ങര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ പുത്തനങ്ങാടിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഞ്ചാം നമ്പർ അംഗൻവാടി
വേങ്ങര: അംഗൻവാടികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഐ.സി.ഡി.എസ് പദ്ധതി സുവർണ ജൂബിലിക്കൊരുങ്ങുമ്പോഴും വേങ്ങര ബ്ലോക്കിന് കീഴിൽ പല അംഗൻവാടികൾക്കും സ്വന്തം സ്ഥലമോ കെട്ടിടമോ ഇല്ല.
ഐ.സി.ഡി.എസ് പദ്ധതിക്ക് കീഴിൽ ജില്ലയിൽ ആദ്യമായി തുടങ്ങിയ അംഗൻവാടികളിൽ ഒന്നായ വേങ്ങര ഗ്രാമ പഞ്ചായത്ത് വാർഡ് പതിമൂന്നിലെ പുത്തനങ്ങാടിയിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് പോലും ഇനിയും സ്വന്തം കെട്ടിടമായില്ല.
ജില്ലയിൽ 50 വർഷം മുമ്പ് അഞ്ചാമതായി രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന് ഇപ്പോഴും സ്വന്തമായി ഭൂമിയോ ആസ്തിയോ ഇല്ലാത്തത് കാരണം മൂന്നാമത്തെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വേങ്ങര ബ്ലോക്കിന് കീഴിൽ ഐ.സി.ഡി.എസ് പദ്ധതിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് കോപ്പ് കൂട്ടുന്ന അധികൃതരാവട്ടെ, വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം അംഗൻവാടികൾക്ക് സ്ഥലം കണ്ടെത്തുന്നതിനു വേണ്ടത്ര താൽപര്യമെടുക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.
സ്ഥലവും സൗകര്യവുമുള്ള അംഗൻവാടികൾക്ക് ശീതീകരിച്ച സ്മാർട്ട് കെട്ടിടങ്ങൾ നിർമിക്കുമ്പോഴാണ് പല അംഗൻവാടികളും ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സ്ഥാപനങ്ങളിൽ കുഞ്ഞുങ്ങളെ പറഞ്ഞയക്കാൻ രക്ഷിതാക്കൾ വിമുഖത കാണിക്കുകയും ചെയ്യുന്നു. അതേസമയം, പതിമൂന്നാം വാർഡിൽ പ്രവർത്തിക്കുന്ന മറ്റു രണ്ടു അംഗൻവാടികൾക്കും സ്വന്തം കെട്ടിടവും മതിയായ സൗകര്യങ്ങളുമുണ്ടെന്നു വാർഡ് അംഗം ഉണ്ണികൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ആവശ്യമായ സ്ഥലം കണ്ടെത്തിയാൽ കെട്ടിടനിർമാണത്തിന് തടസ്സമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.


