കുപ്പായമഴിച്ചു വെക്കാനാവാതെ വിമതർ വേങ്ങരയിലും
text_fieldsവേങ്ങര: വിമത സ്ഥാനാർഥികളെ അനുനയിപ്പിക്കാൻ മാരത്തോൺ ചർച്ചകൾ നടന്നെങ്കിലും ചില വാർഡുകളിലെങ്കിലും ചർച്ച വിഫലമായി. ഇട്ട കുപ്പായം ഊരാൻ സ്ഥാനാർഥി മോഹികളും തയാറാവാതെ വന്നതോടെ വേങ്ങര, പറപ്പൂർ, കണ്ണമംഗലം ഗ്രാമ പഞ്ചായത്തുകളിൽ ചില വാർഡുകളിലെങ്കിലും മുന്നണി സ്ഥാനാർഥികൾ തമ്മിലായി മത്സരം. കണ്ണമംഗലത്ത് യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ വാർഡ് ആയിരുന്ന 14 മേമാട്ടുപാറ, ഇപ്രാവശ്യം ധാരണയിൽ കോൺഗ്രസിന് നൽകി. ഇതോടെ ഈ വാർഡിൽ സ്ഥാനാർഥിയാകാൻ ഒരുങ്ങിയിരുന്നയാൾ കളത്തിനു പുറത്തായി. ഇവിടെ കോൺഗ്രസിന്റെ നംഷാദ് അമ്പലവൻ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു.
യു. ഡി.എഫിന്റെ സിറ്റിങ് സീറ്റായ ഇവിടെ ഔദ്യോഗിക സ്ഥാനാർഥി നംഷാദിന് വെല്ലുവിളിയുയർത്താൻ വിമതനു ആവില്ലെന്നാണ് വിലയിരുത്തൽ. കണ്ണമംഗലത്ത് 18 എടക്കാപറമ്പിലും വിമത ശല്യമുണ്ട്. ഇവിടെ കോൺഗ്രസിന് അനുവദിച്ച സീറ്റിൽ സാദിഖലി കോയിസൻ ഔദ്യോഗിക സ്ഥാനാർഥിയാണ്. ഇവിടെ കോൺഗ്രസ് പ്രവർത്തകൻ വിമതനായുണ്ട്. പലരും പിൻവാങ്ങിയെങ്കിലും വേങ്ങര, പറപ്പൂർ പഞ്ചായത്തുകളിൽ ഇനിയും മെരുങ്ങാതെ മത്സരത്തിനുറച്ച് സ്ഥാനാർഥികളുണ്ട്.
വേങ്ങര പഞ്ചായത്തിൽ വാർഡ് 15 പൂക്കളം ബസാർ വാർഡിൽ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി കൈപ്രം ഉമ്മറിനെതിരെ ലീഗ് പ്രവർത്തകൻ പറങ്ങോടത്ത് മൻസൂർ മത്സരിക്കുന്നു. 18 പാണ്ടികശാലയിൽ കോൺഗ്രസ് സ്ഥാനാർഥി മുസ്നിയ ഫാത്തിമക്കെതിരെ ലീഗിലെ സക്കീന തൂമ്പിലും മത്സരിക്കുന്നുണ്ട്.
23 മാട്ടിൽ ബസാർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി എൻ.ടി. ശരീഫിനെതിരെ കോൺഗ്രസ് പ്രവർത്തകനായ സുബൈർ മത്സരിക്കുന്നുണ്ട്. പറപ്പൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ യു.ഡി. എഫിലെ കോൺഗ്രസ് സ്ഥാനാർഥി കെ.പി. റഷീദിനെതിരെ എം.എസ്. എഫ് മണ്ഡലം നേതാവ് മുഹമ്മദ് ശഹീം മത്സരിക്കുന്നു. പറപ്പൂർ ഏഴാം വാർഡിൽ സി.പി.എം സ്വതന്ത്ര സ്ഥാനാർഥി ദിവ്യക്കെതിരെ സി.പി.ഐ നിർത്തിയ സ്വതന്ത്ര സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്.


