ചെരുപ്പടി മലയിൽ തുടർക്കഥയായി അപകടങ്ങൾ
text_fieldsചെരുപ്പടി മലയിൽ സ്ഥിരമായി അപകടം നടക്കുന്ന ചെറിയകാടിനടുത്ത റോഡിലെ വളവ്
വേങ്ങര: ചെരുപ്പടി മലയിലേക്കുള്ള റോഡുകളുടെ അശാസ്ത്രീയതയും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം വാഹനാപകടങ്ങൾ കുത്തനെ കൂടുന്നു. രണ്ട് വിദ്യാർഥികളുടെ അപകട മരണത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തമാവും മുമ്പാണ് തിങ്കളാഴ്ച ബൈക്ക് മറിഞ്ഞ് റോഡിനുതാഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിനി ഊട്ടിയിൽ വിനോദസഞ്ചാരത്തിന് സാധ്യത ഏറിയതോടെ ഇവിടം സന്ദർശിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി പെരുകും. പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം നിർമിച്ച റോഡിൽ ചെറിയകാട് അങ്ങാടി കഴിഞ്ഞ ഉടനെയുള്ള വളവും കയറ്റവുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്.
മലയുടെ ഉച്ചിയിൽനിന്നും താഴോട്ട് നല്ല സ്പീഡിലാണ് പലപ്പോഴും യാത്രക്കാർ ബൈക്കിൽ വരുന്നത്. തൊട്ടുമുന്നിൽ എത്തുമ്പോഴാണ് വളവ് ശ്രദ്ധയിൽ പെടുക. മാത്രമല്ല, ഈ വളവിന് താഴെ വലിയ കുഴിയാണ്. കൂടിയ സ്പീഡിൽ, വളവറിയാതെ മുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഇടത് വശത്തേക്ക് തിരിക്കുന്നതോടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയും ഓടിക്കുന്നയാൾ താഴോട്ടുപതിക്കുകയും ചെയ്യും.
കരിങ്കൽ കൂട്ടങ്ങളിൽ തലയടിച്ച് വീഴുന്നവർ പലപ്പോഴും മരണത്തിന് കീഴടങ്ങും. കഴിഞ്ഞ മാസം ബൈക്ക് മറിഞ്ഞ് രണ്ട് ചെറുപ്പക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും കോമയിലാണ്. ഇത്തവണ പുതുവർഷം പിറന്ന് മൂന്നുമാസം കഴിഞ്ഞപ്പോഴേക്ക് അര ഡസനിലധികം കൗമാരക്കാരുടെ ജീവനാണ് ഇവിടെ മാത്രമായി പൊലിഞ്ഞത്. റോഡിനു പാർശ്വഭിത്തി കെട്ടണമെന്ന് നാട്ടുകാർ നിരന്തരം ഉന്നയിക്കുന്ന ആവശ്യമാണ്.