വെട്ടത്തൂർ ഗ്രാമപഞ്ചായത്തിൽ ചൂടേറിയ പോരാട്ടം; ഇരുമുന്നണികളും ആത്മവിശ്വാസത്തിൽ
text_fieldsവെട്ടത്തൂർ: ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്ന വെട്ടത്തൂർ പഞ്ചായത്ത് ഭരണം നിലനിർത്താൻ യു.ഡി.എഫും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും തെരഞ്ഞെടുപ്പ് ഗോദയിൽ സജീവ പ്രചാരണത്തിലാണ്. കഴിഞ്ഞ മൂന്നു തദ്ദേശ തെരഞ്ഞെടുപ്പുകളിൽ രണ്ടുതവണ ആർക്കും പിടികൊടുക്കാതെ സീറ്റുകൾ ഒപ്പത്തിനൊപ്പം മുന്നണികൾക്ക് പങ്കിട്ടുനൽകിയ ഗ്രാമപഞ്ചായത്താണ് വെട്ടത്തൂർ. 16 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിലെ വോട്ടർമാർ 2010-15, 2015-20 തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികൾക്കും എട്ട് വീതം സീറ്റുകൾ നൽകിയപ്പോൾ ഭരണം ആർക്കെന്ന് തീരുമാനിച്ചത് നറുക്കെടുപ്പിലൂടെയാണ്.
2010ൽ സി.പി.എമ്മും 2015ൽ യു.ഡി.എഫും ഭാഗ്യപരീക്ഷണത്തിലൂടെയാണ് അധികാരത്തിലേറിയത്. 2010ൽ നറുക്കെടുപ്പിലൂടെ എം. ഹംസക്കുട്ടി (സി.പി.എം) പ്രസിഡന്റും സി. ബുഷ്റ (യു.ഡി.എഫ്) വൈസ് പ്രസിഡന്റുമായി. 2015ൽ കോൺഗ്രസിലെ അന്നമ്മ വള്ളിയാംതടത്തിൽ പ്രസിഡന്റും നറുക്കെടുപ്പിലൂടെ തന്നെ സി.പി.എമ്മിലെ എം. ഹംസക്കുട്ടി വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 2020ൽ സി.പി.എമ്മിനെ തറ പറ്റിച്ച് വലിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിലേറി. മുസ്ലിം ലീഗിലെ സി.എം. മുസ്തഫ പ്രസിഡന്റായി.
യു.ഡി.എഫിന് ഏറെ രാഷ്ട്രീയ വേരോട്ടമുള്ള വെട്ടത്തൂരിൽ പാർട്ടികളിലെയും മുന്നണിയിലെയും വിഭാഗീയതകൾ കാരണം രണ്ടു തവണകളിലായി സി.പി.എമ്മിന് ഭരണം ലഭിക്കാൻ കാരണമായി. ആകെ എട്ട് വർഷം മാത്രമാണ് ഇടത് ഭരിച്ചത്. 16 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ 19 വാർഡുകളായി ഉയർന്നു. ഇതിൽ, വെൽഫെയർ പാർട്ടിക്ക് സ്വാധീനമുള്ളവയാണ് ഒന്ന്, 19 വാർഡുകൾ. കഴിഞ്ഞതവണ വെൽഫെയർ പാർട്ടിയുടെ രണ്ട് സ്ഥാനാർഥികൾ വിജയിച്ചിരുന്നു. ഒരു വാർഡിൽ സി.പി.എമ്മിന് ഭീഷണിയായി സി.പി.ഐ സ്വതന്ത്രൻ മത്സര രംഗത്തുണ്ട്. 10 വാർഡുകളിൽ ബി.ജെ.പിയും മത്സരിക്കുന്നു.


