അങ്ങാടിപ്പുറം പഞ്ചായത്ത് കരട് വോട്ടർ പട്ടികയിൽ വ്യാപക പിഴവുകൾ
text_fieldsഅങ്ങാടിപ്പുറം: പഞ്ചായത്തിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വ്യാപകമായി പിഴവുകൾ. വീടുകളൊന്നും ക്രമപ്രകാരമല്ല. ഒരു വീട്ടിലെ പല വോട്ടർമാർ പലയിടങ്ങളിലാണ്. ഒരു വാർഡിലെ വീടുകൾ പലതും മറ്റു പല വാർഡുകളിലേക്കും സ്ഥലം മാറ്റപ്പെട്ടിരിക്കുന്നു.
മരണപ്പെട്ട പലരും ഇപ്പോഴും പട്ടികയിൽ ജീവിച്ചിരിപ്പുണ്ട്. പലരുടെയും പേരുകൾ പലതവണ ആവർത്തിച്ചു വന്നിട്ടുണ്ട്. ചില വാർഡുകൾ തമ്മിലുള്ള വോട്ടർമാരുടെ എണ്ണത്തിലെ അന്തരം വലുതാണ്. വാർഡ് അഞ്ചിൽ 2587 വോട്ടർമാരുണ്ട്. വാർഡ് 13 ൽ 1354 വോട്ടർമാരെയുള്ളൂ. 1233 വോട്ടിന്റെ വ്യത്യാസം. വാർഡ് അഞ്ചിന്റെയും ആറിന്റെയും അതിരുകൾ നിർണയിച്ചപ്പോൾ, അതിര് ചിലയിടത്ത് മാറിപ്പോയി.
വാർഡ് ആറിലുള്ള വീടുകൾ പലതും വാർഡ് അഞ്ചിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവ ആറിലേക്ക് തന്നെ മാറ്റണമെന്നും പരാതി കൊടുത്തിരുന്നു. ഈ പരാതി പരിശോധിച്ച ഉദ്യോഗസ്ഥർക്ക് പരാതി ശരിയാണെന്ന് ബോധ്യമായപ്പോൾ വീടുകൾ മാറ്റുന്നതിന് പകരം അതിർത്തി തന്നെ മാറ്റി. അതോടെ വീടുകൾ കൂട്ടത്തോടെ അഞ്ചിൽ തന്നെ നിലനിർത്തുകയും ചെയ്യുകയാണുണ്ടായത്.
ഇത് കാരണം വാർഡ് ആറിലെ വോട്ട് 662 എണ്ണം വാർഡ് അഞ്ചിലേക്ക് മാറുകയും ആറിലെ വോട്ട് 1891 ആയി കുറയുകയും ചെയ്തു. വാർഡ് അഞ്ചിൽ 2587 വോട്ടർമാരായി വർധിക്കുകയും ചെയ്തു. ഈ രീതിയിൽ അങ്ങാടിപ്പുറം പഞ്ചായത്തിന്റെ കരട് വോട്ടർ പട്ടികയിൽ ഉള്ള പിഴവുകൾ തിരുത്തി വേണം അന്തിമ പട്ടിക പുറത്തിറങ്ങാൻ.
‘വോട്ടർപട്ടികയിലെ പിഴവുകൾ തിരുത്തണം’
അങ്ങാടിപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി പുറത്തിറക്കിയ അങ്ങാടിപ്പുറം പഞ്ചായത്ത് കരട് വോട്ടർ പട്ടിക മഹാ അബദ്ധങ്ങളുടെ ഘോഷയാത്രയാണെന്നും ഇത് കുറ്റമറ്റതാക്കി പുറത്തിറക്കണമെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ മുരളീധരൻ അധ്യക്ഷത വഹിച്ചു. ഉമ്മർ അറക്കൽ, പി. രാധാകൃഷ്ണൻ, കുന്നത്ത് മുഹമ്മദ്, അഡ്വ. അജിത്, കെ.കെ.സി.എം അബു താഹിർ തങ്ങൾ, കളത്തിൽ ഹാരിസ്, ശബീർ കറുമുക്കിൽ, കെ.എസ്. അനീഷ്, പി.പി. സൈതലവി, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.