ഓടക്കയത്ത് വീണ്ടും കാട്ടാനക്കൂട്ടം; വ്യാപക കൃഷി നാശം
text_fieldsകാട്ടാനക്കൂട്ടം നശിപ്പിച്ച കൂരങ്കല്ലിലെ കൃഷിയിടം
ഊർങ്ങാട്ടിരി: ഓടക്കയം നിവാസികളെ ഭീതിയിലാഴ്ത്തി ഒരാഴ്ചക്കുശേഷം കാട്ടാനക്കൂട്ടം വീണ്ടും ജനവാസ മേഖലയിൽ. ബുധനാഴ്ച പുലർച്ചയാണ് കുരങ്കല്ല് ഭാഗത്ത് വീണ്ടും കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. ഒരാഴ്ചയായി മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. വനം വകുപ്പിന്റെ നേതൃത്വത്തിൽ രാപകൽ പരിശോധന നടത്തി വരുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് പന്നിയാമല ഇറങ്ങി വീണ്ടും കൂരങ്കല്ല് ഭാഗത്തേക്ക് കാട്ടാനക്കൂട്ടമെത്തിയത്. കവുങ്ങ്, തെങ്ങ്, വാഴ ഉൾപ്പെടെ കൃഷികളാണ് പ്രധാനമായും നശിപ്പിച്ചത്. രാത്രിയിൽ അഞ്ചംഗ സംഘമാണ് ജനവാസ മേഖലയിലെ കൃഷിയിടം നശിപ്പിച്ച് മടങ്ങിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് കൂരങ്കല്ലിലെ വീട്ടുവളപ്പിലെ കിണറ്റിൽ കാട്ടാന വീണതിനെ തുടർന്ന് വൻ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു.
തുടർന്ന് കാട്ടാന ശല്യം പരിഹരിക്കാൻ മുത്തങ്ങയിൽനിന്ന് കുങ്കികളായ കോന്നി സുരേന്ദ്രനെയും വിക്രമനെയും ഉൾപ്പെടെ എത്തിച്ച് വനത്തിൽ പരിശോധന നടത്തി. ആനത്താരയിലും ഉൾവനത്തിലെ വിവിധയിടങ്ങളിലും പരിശോധന നടത്തിയെങ്കിലും എവിടെയും കാട്ടാനകളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കുങ്കി ആനകൾ മുത്തങ്ങയിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാൽ, കാട്ടാനക്കൂട്ടം ജനവാസ മേഖലക്കടുത്ത് എത്തിയതോടെ പ്രദേശവാസികൾ വീണ്ടും ഭീതിയിലായിരിക്കുകയാണ്. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും കൃഷി ചെയ്യുന്ന കർഷകർക്ക് കാട്ടാന വിളയാട്ടം വൻ ദുരിതമാണ് സമ്മാനിക്കുന്നത്. കാട്ടാനകൾ മേഖലയിലെത്തിയാൽ കുങ്കി ആനകളെ തിരിച്ചെത്തിക്കുമെന്ന് വനപാലകർ അറിയിച്ചിരുന്നു. ഉടനടി കുങ്കികളെ തിരിച്ചെത്തിച്ച് കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തണമെന്ന് വാർഡ് അംഗം പി.എസ്. ജിനേഷ് ആവശ്യപ്പെട്ടു. ഇലക്ട്രിക് തൂക്കുവേലിയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.