Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭീതിവിതച്ച് കാട്ടാന;...

ഭീതിവിതച്ച് കാട്ടാന; നിലമ്പൂർ ടൗണിനോട് ചേർന്ന് നാശംവരുത്തി

text_fields
bookmark_border
ഭീതിവിതച്ച് കാട്ടാന; നിലമ്പൂർ ടൗണിനോട് ചേർന്ന് നാശംവരുത്തി
cancel
camera_alt

കോവിലകത്തുമുറി തീക്കടി റോഡിലൂടെ നടന്നുപോവുന്ന കാട്ടാന

നിലമ്പൂര്‍: നഗരസഭയിലെ കോവിലകത്തുമുറി ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയെത്തി. ജില്ല ആശുപത്രിക്കു സമീപമാണ് ഒറ്റയാനിറങ്ങിയത്. വേനല്‍ക്കാലങ്ങളില്‍ ഇവിടെ സ്ഥിരമായി കാട്ടാനകളെത്തുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയെത്തിയ ആന നാശനഷ്ടങ്ങള്‍ വരുത്തിയാണ് മടങ്ങിയത്.

പുലര്‍ച്ചെ നാലോടെയാണ് ആനയെത്തിയത്. കോവിലകത്തുമുറിയിലെ കൃഷ്ണവിലാസ് സുബ്രഹ്‌മണ്യന്‍റെ വീട്ടിലെ വാഴകള്‍ ഉള്‍പ്പെടെ ആന നശിപ്പിച്ചിട്ടുണ്ട്. മതിലിനു കേടുപാടുകള്‍ വരുത്തി. വേനല്‍ക്കാലത്ത് കഴിഞ്ഞ വര്‍ഷവും കാട്ടാന ഈ പ്രദേശത്തെത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇവിടെ വനാതിർത്തിയിൽ ഫെന്‍സിങ് സംവിധാനമുണ്ട്.

എന്നാൽ, ഇത് കാര‍്യമായി പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ജില്ല ആശുപത്രിയില്‍നിന്നും 500 മീറ്റര്‍ മാത്രം അകലെ കാട്ടാനകളെത്തുന്നത് ജനങ്ങളില്‍ ഭീതിയുളവാക്കുന്നുണ്ട്. കോവിലകത്തുമുറി വീട്ടിന് മുന്നിലൂടെ തീക്കടി റോഡിലൂടെ പുലർച്ചെ കാട്ടാന നടന്നുപോവുന്നത് സി.സി.ടി.വി ദൃശ‍്യങ്ങളിലുണ്ട്.

ഉണ്ണിക്കുളത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാന വാഴകളും കവുങ്ങുകളും നശിപ്പിച്ചു

പൂക്കോട്ടുംപാടം: അമരമ്പലം ചുള്ളിയോട് മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായ കൃഷിനാശം വരുത്തി. ചുള്ളിയോട് ഉണ്ണിക്കുളത്ത് കല്ലന്തോടൻ അബ്ദു റഹ്മാന്റെ കൃഷിയിടത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ആനകൾ നാശനഷ്ടങ്ങൾ വരുത്തിയത്. വിൽപനക്ക് തയാറായ 25ഓളം കുലച്ച വാഴകളും 15 കവുങ്ങുകളും ആനകൾ പൂർണമായും നശിപ്പിച്ചു.

കാട്ടുപന്നികളുടെ ശല്യം പ്രതിരോധിക്കാനായി 25,000 രൂപയോളം ചെലവഴിച്ച് നിർമിച്ച കമ്പിവേലിയും ആനകൾ തകർത്തു. കടുത്ത വരൾച്ചയിലും ഏറെ കഷ്ടപ്പെട്ട് നനച്ചുവളർത്തിയ പച്ചക്കറികളും മറ്റു വിളകളും ഒറ്റരാത്രികൊണ്ടാണ് ഇല്ലാതായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകന് സംഭവിച്ചിരിക്കുന്നത്. കടുത്ത വരൾച്ചയെ അതിജീവിച്ച് നനച്ചുവളർത്തിയ കൃഷിയാണ് ആനകൾ നശിപ്പിച്ചത്. മുമ്പും പലതവണ സമാനമായ രീതിയിൽ ഇവിടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് വന്യമൃഗശല്യം പതിവാണെന്ന് പരാതിയുണ്ട്.

കരുളായി മുതൽ ചക്കികുഴി വരെ അടിയന്തരമായി സൗരോർജവേലി സ്ഥാപിച്ച് നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സോളാർ വേലി സംവിധാനം നിലവിൽവന്നാൽ മാത്രമേ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരമാകൂ എന്നാണ് നാട്ടുകാരുടെ പക്ഷം. സംഭവമറിഞ്ഞ് കവളമുക്കട്ട, ചക്കക്കുഴി ഫോറസ്റ്റ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ കർഷകന് നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
TAGS:Malappuram News Local News Wild elephants 
News Summary - Wild elephant spreads fear; Devastates Nilambur town
Next Story