ഓടക്കയത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം
text_fieldsചൊക്കന എസ്റ്റേറ്റില് വിഹരിക്കുന്ന കാട്ടാനക്കൂട്ടം
ഊർങ്ങാട്ടിരി: ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയായ ഓടക്കയത്ത് ആറുമാസത്തിനിടെ കാട്ടാനക്കൂട്ടം നശിപ്പിച്ചത് ഏക്കർ കണക്കിന് കൃഷി. കാടിറങ്ങി എത്തിയ കാട്ടാനക്കൂട്ടം മേഖലയിൽ ഭീതി പരത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. വനം വകുപ്പ് അധികൃതർക്ക് ഉൾപ്പെടെ നിരന്തരം പരാതി നൽകിയിട്ടും നടപടിയിെല്ലന്ന് പ്രദേശവാസികൾ പറയുന്നു.
കൂരങ്കല്ല്, വീട്ടികുണ്ട്, നെല്ലിയായി കൊടുമ്പുഴ നഗർ എന്നിവിടങ്ങളിലാണ് ആനകൾ പ്രധാനമായും തമ്പടിച്ചിരുന്നത്. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും എത്തിയിരുന്ന കാട്ടാനക്കൂട്ടത്തെ നിരവധി തവണ കാടുകയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ഏക്കർ കണക്കിന് കൃഷിയാണ് ഇവ നശിപ്പിച്ചത്. തുടർന്ന് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുമ്പുഴ വനവകുപ്പ് ഓഫിസ് കർഷകരുടെ നേതൃത്വത്തിൽ ഉപരോധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കർഷകരുടെ പ്രശ്നം പരിഹരിക്കാൻ അധികൃതർ തയാറായില്ല. ഇതിനിടയിലാണ് വ്യാഴാഴ്ച കൂരങ്കല്ല് ഭാഗത്ത് സണ്ണിയുടെ വീട്ടിലെ കിണറിൽ ഒറ്റക്കൊമ്പൻ വീണത്.
ദിവസം കഴിയുന്തോറും ഇവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. റബർ, തെങ്ങ്, കവുങ്ങ് ഉൾപ്പെടെ എല്ലാ കൃഷികളും കാട്ടാനക്കൂട്ടം ചവിട്ടി മെതിക്കുകയാണ്. പുലർച്ച സമയങ്ങളിൽ ടാപ്പിങ്ങിന് ഇറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പല കർഷകരും കൃഷി ഉപേക്ഷിച്ചു. അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം. വനമേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല. ഇതുകൊണ്ടാണ് കർഷകർക്ക് ഇത്രയും വലിയ ദുരിതം നേരിടേണ്ടി വരുന്നത് എന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികൾ ഓടക്കയത്ത് കൃഷി നിർത്തി മറ്റു മേഖലയിലേക്ക് ഉപജീവനം തേടി പോകുന്ന അവസ്ഥയാണ്. വന്യജീവി ശല്യം മൂലം കൃഷി നശിക്കുമ്പോൾ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്. ലോണെടുത്ത് കൃഷി ചെയ്യുന്ന കർഷകർ ഇതിനെയെല്ലാം മറികടക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്.