തരിശ് കിടന്ന ചെങ്കൽ ക്വാറിയിൽ നൂറുമേനി വിളയിച്ച് യുവകർഷകർ
text_fieldsചെങ്കൽ ക്വാറിയിലെ കൃഷിയിടത്തിൽ വിളയിച്ച തണ്ണിമത്തനുമായി ഊരോതൊടി ഉമറും ആലിക്കൽ സിദ്ദീഖും
കുറുവ: തരിശായിക്കിടന്ന ചെങ്കൽ ക്വാറികളിൽ വിവിധയിനം കൃഷിയിറക്കി നൂറുമേനി വിളയിച്ച് യുവകർഷകർ. കുറുവ ഗ്രാമ പഞ്ചായത്ത് 17ാം വാർഡ് നരിയൻകുന്ന് പറമ്പ്, വാഴക്കോട് എന്നിവിടങ്ങളിൽ 12.5 ഏക്കർ ഭൂമിയിലാണ് ചെറുകുളമ്പ് വാഴക്കോട് സ്വദേശി ആലുക്കൽ സിദ്ദീഖ്, നരിയൻകുന്ന് പറമ്പിൻ ഊരോതൊടി ഉമ്മർ എന്നിവർ ചേർന്ന് കൃഷിയിറക്കിയത്.
ചെങ്കൽ ക്വാറിയിൽ ടിഷ്യൂ കൾച്ചർ വാഴകൃഷിക്കൊപ്പം തണ്ണിമത്തനിലും നൂറുമേനി നേട്ടമുണ്ടായി. ഉപയോഗശൂന്യമായിക്കിടന്ന ആറ് ഏക്കർ ഭൂമിയിലായിരുന്നു ആദ്യ പരീക്ഷണം. ആധുനിക മൈക്രോ ഇറിഗേഷൻ സംവിധാനം ഉപയോഗിച്ചാണ് തണ്ണിമത്തൻ കൃഷി ഇറക്കിയത്. റെഡ് പക്കീസ, സിംജെ ജൂബിലി കിങ്, ഈസ്റ്റ് വെസ്റ്റിന്റ് ഓറഞ്ച്, യെല്ലോ കളർ ഇനങ്ങളാണ് കൃഷിയിറക്കിയത്. 65 ദിവസത്തിനുശേഷം നടന്ന വിളവെടുപ്പിൽ 20 ടണിലധികം തണ്ണിമത്തൻ ലഭിച്ചു. റമദാൻ സീസൺ ലക്ഷ്യമാക്കി വാഴക്കോട് ആറര ഏക്കർ ഭൂമിയിലും തണ്ണിമത്തൻ വിത്തിറക്കിയിട്ടുണ്ട്.
കൂടാതെ കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ സുലഭമായി കൃഷിചെയ്യുന്ന പൊട്ടു വെള്ളരി, ഷമ്മാം, മഞ്ഞ ഇനത്തിൽപെട്ട ബട്ടർ, ശ്രീലങ്കൻ മത്തൻ, റെഡ് ലേഡി പപ്പായ, വിഷു വെള്ളരി, വിവിധയിനം കപ്പ എന്നിവയും ഇവർ കൃഷി ചെയ്യുന്നുണ്ട്.
ഇതോടൊപ്പം ഇത്രയും ഭൂമിയിൽ മേട്ടുപ്പാളയം, തേനി, ചണ്ടാലിക്കോടൻ എന്നീ ഇനങ്ങളിൽപ്പെട്ട നേന്ത്രവാഴയും ഗ്രേറ്റ്നയൻ (ജി9) ഇനത്തിൽപ്പെട്ട റോബസ്റ്റ് വാഴയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ കക്കിരി, ഖിയാർ, വിവിധയിനം ചീരകൾ, പയർ, ചുരങ്ങ, മത്തൻ, ജർ ജീർ (ഇലവർഗ്ഗം) എന്നിവയിലും നൂറുമേനി വിളവെടുക്കുന്നതായി ഇവർ പറയുന്നു.
പുറമെ നാലുഘട്ടങ്ങളിലായി 10,000 ബ്രോയിലർ കോഴികളെയും ഇവർ വളർത്തുന്നുണ്ട്. കൂടാതെ പശുവളർത്തൽ, തേനീച്ച വളർത്തൽ എന്നിവയും ഇവരുടെ ഉദ്യമത്തിലുണ്ട്. കൃഷി വകുപ്പിന്റെ പോഷക സമൃദ്ധി മിഷൻ പദ്ധതി പ്രകാരമായതിനാൽ പഞ്ചായത്ത് മുതൽ ജില്ല കൃഷിഭവൻ ഓഫിസ് ഉദ്യോഗസ്ഥരുടെ എല്ലാ പിന്തുണയും നിർദേശങ്ങളും കുറുവ പഞ്ചായത്ത് കൃഷി ഓഫിസർ ഡോ. മുഹമ്മദ് നിസാബിന്റെ പിന്തുണയും സഹകരണവും ഇവർക്കുണ്ട്.
അധ്യാപകവൃത്തിക്കു ശേഷം ക്ഷീരകർഷനായ ഊരാത്തൊടി ഉമർ മാസ്റ്റർ വാഴക്കോട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കൂടിയാണ്. വാഴക്കോട് സ്വദേശി ആലുങ്ങൽ സ്വദേശി സിദ്ദീഖ് പ്രവാസ ജീവിതത്തിൽനിന്ന് വിരമിച്ച ശേഷമാണ് മുഴുവൻ സമയ കൃഷിയിലേക്ക് തിരിഞ്ഞത്. പ്രഥമ കരുവള്ളി അമീർ ബാബു സ്മാരക അവാർഡ് ലഭിച്ചു. ഇവരുടെ കാർഷിക ഉൽപന്നങ്ങളിൽ നല്ല ശതമാനവും പ്രാദേശികമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ഉൽപന്നങ്ങൾക്ക് നല്ല അഭിപ്രായമാണ് പൊതുജനങ്ങൾക്കുള്ളത്. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഇനിയും നൂതന രീതികൾ അവലംബിച്ച് പുതിയ കൃഷിയിൽ ഇടപെടാനാണ് ഉദ്ദേശ്യമെന്നും ഇവർ പറയുന്നു.