ജില്ലയിൽ ലഹരിമുക്തി നേടി 1358പേർ
text_fieldsപാലക്കാട്: എക്സൈസ് വിമുക്തി മിഷനിലൂടെ 2018 മുതൽ 1358 പേർ ലഹരിമുക്തരായതായി ഡെപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു. അട്ടപ്പാടി കോട്ടത്തറയിലുളള ഡീഅഡിക്ഷന് സെന്ററിലെ ചികിത്സയിലൂടെയാണ് ഇത്രയും പേര് ലഹരി മുക്തരായത്. നിരവധിപേര്‍ക്ക് കൗണ്‍സിലിങ് നല്കി. ലഹരി മുക്തിക്കായി പ്രവേശിപ്പിക്കപ്പെടുന്ന വ്യക്തിക്കും കൂട്ടിരിപ്പുകാര്‍ക്കും കോട്ടത്തറയിലുളള ഡി അഡിക്ഷന് സെന്ററില്‍ താമസവും ചികിത്സയും പൂര്‍ണമായും സൗജന്യമാണ്. 21 ദിവസമാണ് ചികിത്സാ കാലഘട്ടമെങ്കിലും സാഹചര്യമനുസരിച്ച് കാലയളവ് വ്യത്യസ്തമാകാം. മദ്യവര്ജനത്തോടൊപ്പം മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാൻ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് വിമുക്തി മിഷന്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ല കലക്ടര്‍ കണ്‍വീനറും ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വൈസ് ചെയര്‍മാനുമായ സമിതിയാണ് വിമുക്തി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നിയന്ത്രിക്കുന്നത്. വാര്‍ഡ് തലം വരെ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു വരുന്നു. 2024-‘25 ല്‍ മാത്രം 13,394 റെയ്ഡുകള്‍ ജില്ലയില്‍ നടത്തി. ഇതില്‍ 1800 അബ്കാരി കേസുകള്‍, 525 എന്‍.ഡി.പി.എസ് (നാര്‍കോട്ടിക് ആന്‍ഡ് സൈകോട്രോപിക് സബ്സറ്റന്‍സ്), 6998 കോട്പ (സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രൊഡക്ട് ആക്ട് 2003) കേസുകളും രജിസ്റ്റര്‍ ചെയ്തു.
ജില്ലയിലെ സ്കൂള്‍/കോളജ് വിദ്യാർഥികള്‍ക്കിടയില്‍ എക്സൈസിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കിടയിലും വിവിധ ക്ലബുകള്‍, സംഘടനകള്‍, ഉന്നതികള്‍ എന്നിവ കേന്ദ്രീകരിച്ചും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും പരിപാടികളും വിമുക്തിയുടെ ഭാഗമായി നടക്കുന്നുണ്ട്.
കായികപ്രവൃത്തികളിലേക്ക് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരം കഴിവുകൾ വളര്‍ത്തിയെടുക്കാനും ‘ഉണര്‍വ്-ലഹരിക്കെതിരെ കായിക ലഹരി’ എന്ന പദ്ധതി നടപ്പാക്കി വരുന്നുണ്ട്. സ്കൂളുകളിലും പരിസരങ്ങളിലും ലഹരി ഉപയോഗമോ വില്പനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ക്ക് ‘നേര്‍വഴി’ ടോള്‍ ഫ്രീ നമ്പറായ 9656178000 ല്‍ അറിയിക്കാം. പൊതുജനങ്ങള്‍ക്ക് ലഹരി സംബന്ധമായ പരാതികള്‍ 9447178000 എന്ന നമ്പറിലും അറിയിക്കാം.