Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ലയിൽ നാല്...

ജില്ലയിൽ നാല് മാസത്തിനിടെ 29 മുങ്ങിമരണം

text_fields
bookmark_border
ജില്ലയിൽ നാല് മാസത്തിനിടെ 29 മുങ്ങിമരണം
cancel

പാലക്കാട്: ഈ വർഷം നാല് മാസത്തിനിടെ ജില്ലയിൽ വിവിധയിടങ്ങളിലായി മുങ്ങിമരിച്ചത് 29 പേർ. ഡാമുകളിലും പുഴകളിലുമായാണ് ഇത്രയും പേരുടെ ജീവൻ നഷ്ടപ്പെട്ടത്. ജലാശയങ്ങളിൽ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തിൽ പെടുന്നത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള അഗ്നിരക്ഷാസേനയുടെ കണക്കാണിത്.

കഴിഞ്ഞയാഴ്ച അട്ടപ്പാടിയിലെ ഭവാനി പുഴയിലും വാളയാർ ഡാമിലും യുവാക്കൾ മുങ്ങിമരിച്ചിരുന്നു. നീന്തൽ വശമില്ലാത്തതും ജലാശയങ്ങളിലെ ആഴം അറിയാത്തതുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ വർഷം മാത്രം 103 പേരാണ് ജില്ലയിൽ മുങ്ങിമരിച്ചത്. പാലക്കാട്, ചിറ്റൂർ, ആലത്തൂർ, വടക്കഞ്ചേരി, മണ്ണാർക്കാട്, കൊല്ലങ്കോട്, കോങ്ങാട്, പട്ടാമ്പി, കഞ്ചിക്കോട്, ഷൊർണൂർ എന്നിങ്ങനെ പത്ത് ഫയർ സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങളുണ്ടായത് കഞ്ചിക്കോട് അഗ്നിരക്ഷാസേനയുടെ പരിധിയിലാണ്. 24 പേരാണ് കഞ്ചിക്കോട് വിവിധ ഭാഗങ്ങളിലായി മുങ്ങിമരിച്ചത്. ഷൊർണൂർ മേഖലയിലാണ് ഏറ്റവും കുറവ് മരണങ്ങളുണ്ടായത്-അഞ്ച്. പാലക്കാട്-ഏഴ്, ചിറ്റൂർ-10, ആലത്തൂർ-10, വടക്കഞ്ചേരി-എട്ട്, മണ്ണാർക്കാട്-ഒമ്പത്, കൊല്ലങ്കോട്-11, കോങ്ങാട്-12, പട്ടാമ്പി-ഏഴ് എന്നിങ്ങനെയും മരണങ്ങളുണ്ടായി. ഡാമുകളിൽ കുളിക്കാനിറങ്ങി വിദ്യാർഥികൾ അപകടത്തിൽപെടുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. തമിഴ്നാട്ടിൽനിന്ന് വരുന്ന സന്ദർശകരാണ് കൂടുതലും വാളയാർ ഡാമിൽ അപകടത്തിൽ പെടുന്നത്. ഡാമിലെ ആഴവും മറ്റും അറിയാതെ കുളിക്കാനിറങ്ങുന്നതാണ് അപകടത്തിന് വഴിയൊരുക്കുന്നത്.

കഴിഞ്ഞ ആറു വർഷത്തിനിടെ 36 പേരാണ് വാളയാർ ഡാമിൽ മാത്രം മുങ്ങിമരിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം 18 ജീവനുകൾ പൊലിഞ്ഞു. എന്നിട്ടും ഡാമിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ അധികൃതർ തയാറായിട്ടില്ല. മരിച്ചവരിൽ ഏറെയും കോളജ് വിദ്യാർഥികളാണ്. വിനോദത്തിനായി എത്തി ജീവൻ പൊലിഞ്ഞ് മടങ്ങുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. അഗ്നിരക്ഷാസേന സുരക്ഷാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരും ശ്രദ്ധിക്കാറുമില്ല. മണലെടുത്തുണ്ടായ കുഴികളാണ് അപകടത്തിന് കാരണമാകുന്നത്. ഒഴിവ് ദിവസങ്ങളിൽ കോയമ്പത്തൂരിലെ കോളജ് വിദ്യാർഥികളുൾപ്പെടെ നിരവധി പേരാണ് ഇവിടെ സന്ദർശനത്തിനെത്താറുള്ളത്. മലമ്പുഴ ഡാമിലും സമാന സ്ഥിതിയാണ്. അവധിക്കാലമായതിനാലും കടുത്ത ചൂടുള്ളതിനാലും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ജലാശയങ്ങളിൽ പോകുന്ന സാഹചര്യത്തിൽ അപകടത്തിൽ പെടാതിരിക്കാൻ കൂടുതൽ ജാഗ്രത വേണമെന്ന് അഗ്നിരക്ഷാ സേന അധികൃതർ പറയുന്നു.

Show Full Article
TAGS:Deaths reported Palakkad 
News Summary - 29 drowning deaths reported in the district within four months
Next Story