കാവൽഭടനായി 31 വർഷം; ക്യാപ്റ്റൻ കെ. സുബ്രഹ്മണ്യന് അഭിമാനിക്കാനേറെ
text_fieldsക്യാപ്റ്റൻ കെ. സുബ്രഹ്മണ്യന്
കൂറ്റനാട്: ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, മൂന്ന് പതിറ്റാണ്ടിലേറെ രാജ്യത്തിന്റെ കാവൽക്കാരനായി സേവനം അനുഷ്ഠിച്ച ചാലിശേരി കടവാരത്ത് വീട്ടിൽ ക്യാപ്റ്റൻ കെ. സുബ്രഹ്മണ്യന് ഇത് അഭിമാനത്തിന്റെ മറ്റൊരു നിമിഷം. 88-ാം വയസ്സിലും സൈനിക സേവനകാലത്തെ ഓർമകളും മെഡലുകളും ബഹുമതികളും നെഞ്ചോട് ചേർക്കുന്ന ഇദ്ദേഹം രാജ്യത്തിന്റെ നിർണായക സൈനിക ഘട്ടങ്ങൾക്ക് സാക്ഷിയായ വ്യക്തിയാണ്. 1961-62 ലെ ഇന്ത്യ-ചൈന സംഘർഷകാലത്തും 1965, 1971 വർഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധകാലത്തും സേവനത്തിലുണ്ടായിരുന്നു. 1959 ലാണ് സൈന്യത്തിൽ ചേർന്നത്.
വയർലെസ് ഓപറേറ്ററായി സൈനികജീവിതം ആരംഭിച്ച ഇദ്ദേഹം നാഗാലാൻഡ്, മണിപ്പൂർ, കൽക്കട്ട, അമൃത്സർ, ജലന്ധർ, ഗോവ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു. 31 വർഷത്തെ ഔദ്യോഗിക ജീവിതശേഷം ജബൽപൂരിൽ നിന്ന് 1989 ൽ ക്യാപ്റ്റനായി വിരമിച്ചു. ചാലിശേരി എസ്.എസ്.യു.പി സ്കൂളിൽ എട്ടാം ക്ലാസ് വരെ പഠിച്ച സുബ്രഹ്മണ്യന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം ചാത്തനൂരിലായിരുന്നു. മറക്കാനാവാത്ത അനുഭവങ്ങൾ നാഗാലാൻഡിലേതാണെന്ന് അദ്ദേഹം പറയുന്നു.
കൃത്യമായ താമസസൗകര്യങ്ങളോ ആവശ്യമായ കെട്ടിടങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് പ്രതികൂല സാഹചര്യങ്ങളിലായിരുന്നു സേവനം. വാർത്താവിനിമയത്തിനായി ലൈൻ കമ്മ്യൂണിക്കേഷന് പകരം വയർലെസ് സംവിധാനമായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. പ്രത്യേക വാഹനങ്ങളിൽ ഘടിപ്പിച്ച ഉപകരണങ്ങളിലൂടെയായിരുന്നു സന്ദേശങ്ങൾ കൈമാറിയത്. വിരമിച്ച ശേഷവും പൊതുരംഗത്ത് സജീവമായിരുന്ന സുബ്രഹ്മണ്യൻ പത്ത് വർഷത്തോളം ചാലിശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചു. മികച്ച കർഷകൻ കൂടിയായ ഇദ്ദേഹം തൃത്താല ബ്ലോക്ക് എക്സ് സർവീസ് അസോസിയേഷൻ പ്രസിഡന്റാണ്. പരേതയായ വിശാലക്ഷ്മിയാണ് സഹധർമ്മിണി. പരേതനായ ഹരീഷ്കുമാർ, ബിന്ദു, അധ്യാപിക സിന്ധു എന്നിവരാണ് മക്കൾ. മരുമക്കൾ: പ്രജിഷ, വിനോദ്, മനോജ്.


