മഴ പെയ്യിക്കാന് അപൂർവ്വയിനം വഴിപാട്; ജീവിച്ചിരിക്കുന്നയാളെ മൃതദേഹമാക്കി അന്ത്യകർമം നടത്തി
text_fieldsകോയമ്പത്തൂർ: മഴക്കായി ജീവിച്ചിരിക്കുന്നയാളെ ‘മൃതദേഹമാക്കി’ രഥത്തിൽ കയറ്റി ശ്മശാനത്തിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്തി ഗ്രാമവാസികൾ. ദിണ്ടിഗൽ ജില്ലയിലെ കന്നിവാടി പഞ്ചായത്തിലെ ആലത്തൂരൻപട്ടി ഗ്രാമത്തിലാണ് അപൂർവയിനം വഴിപാട് നടന്നത്. ഇവിടെയുള്ള മൂന്ന് ക്ഷേത്രങ്ങളിൽ എല്ലാ വർഷവും ഉത്സവം നടത്താറുണ്ടായിരുന്നെങ്കിലും 18 വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു.
ഇത്തവണ നടത്തിയ ഉത്സവത്തിന്റെ സമാപന ദിവസമാണ് ജീവിച്ചിരിക്കുന്ന ഒരാളെ അവരുടെ ഗ്രാമത്തിൽ മഴ പെയ്യുന്നതിനും ആരോഗ്യ-സമ്പദ്സമൃദ്ധമായ ജീവിതം ലഭിക്കാനുമായി മരിച്ചതായി സങ്കൽപിച്ച് അന്ത്യകർമങ്ങൾ നടത്തിയത്. ഗ്രാമവാസിയായ ശ്രീരാമനെയാണ് മരിച്ചയാളുടെ വേഷം ധരിപ്പിച്ച് മൃതദേഹങ്ങൾ കൊണ്ടുപോകുന്ന രഥത്തിൽ ഇരുത്തിയത്. ശ്മശാനത്തിലേക്കുള്ള ഘോഷയാത്രയിൽ ശ്രീരാമന്റെ ഭാര്യയുടെ വേഷം ധരിച്ച മുത്തയ്യ രഥത്തിന് മുന്നിൽ ആർത്തലച്ച് കരഞ്ഞ് അഭിനയിച്ച് ചടങ്ങിന് ‘മാറ്റുകൂട്ടി’. മരിച്ചയാൾക്കുവേണ്ടി ചെയ്യുന്ന എല്ലാ ചടങ്ങുകളും പരമ്പരാഗത രീതിയിൽ ഗ്രാമവാസികൾ നടത്തി. ഗ്രാമത്തിലെ പ്രധാന തെരുവുകളിലൂടെയെല്ലാം ‘മൃതദേഹം’ വഹിച്ച് ഘോഷയാത്രയായാണ് ശ്മശാനത്തിലേക്ക് പോയത്. വൻ ജനാവലിതന്നെ ഘോഷയാത്രയിൽ പങ്കെടുത്തു. ജീവനുള്ള രണ്ട് കോഴികളെ രഥത്തിൽ കെട്ടിത്തൂക്കിയിരുന്നു. ഘോഷയാത്ര ശ്മശാനത്തിൽ എത്തിയപ്പോൾ, പ്രതീകാത്മകമായി അന്ത്യകർമങ്ങൾ നടത്തി. കോഴികളെ ബലിയർപ്പിച്ച് സംസ്കരിച്ചശേഷം രഥത്തിൽ കിടന്ന ശ്രീരാമനെ ഗ്രാമവാസികൾ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുപോയി.


