യാത്രകളിൽ ഒന്നിച്ച്, മടക്കവും ഒന്നിച്ച്
text_fieldsഎടായ്ക്കൽ വാഹനാപകടത്തിൽ മരിച്ച അയ്യപ്പൻകുട്ടിയുടെ മൃതദേഹം
വീട്ടിലെത്തിച്ചപ്പോൾ
കാഞ്ഞിരപ്പുഴ: അയൽവാസികളുടെ ഒരുമിച്ചുള്ള യാത്ര അന്ത്യയാത്രയായി. തിങ്കളാഴ്ച രാത്രി പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ എടായ്ക്കൽ ഭാഗത്ത് കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് മരിച്ച കാഞ്ഞിരപ്പുഴ തൃക്കളൂർ കമ്മാളംകുന്ന് അസീസ് (52), വാഴേക്കാട്ടിൽ വീട്ടിൽ അയ്യപ്പൻകുട്ടി (60) എന്നിവർ അടുത്തടുത്ത വീടുകളിലാണ് താമസം.
മിക്കവാറും വാടക വാഹനങ്ങൾ ആവശ്യമായി വരുമ്പോൾ അയ്യപ്പൻകുട്ടി അസീസിനെയാണ് വിളിക്കാറുള്ളത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് ഇരുവരും വാഴമ്പുറം ഭാഗത്തേക്ക് ഓട്ടോയിൽ പോയത്.
അയ്യപ്പൻകുട്ടി വീടിനടുത്ത് തുടങ്ങിയ പേപ്പർ ബാഗ് നിർമാണ യൂനിറ്റിലേക്ക് പേപ്പർ വാങ്ങുന്നതിനാണ് രണ്ടുപേരും വന്നിരുന്നത്. അസീസ് ദീർഘകാലമായി ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇതിനിടയിൽ കുറച്ച് കാലം ഗൾഫിൽ പോയി ജോലി ചെയ്തിരുന്നു. ഒരു വർഷം മുമ്പാണ് പിതാവ് ഹംസയുടെ അസുഖം കാരണം നാട്ടിലെത്തിയത്. തൃക്കളൂർ ഭാഗത്ത് ഓട്ടോ ഡ്രൈവറായി തന്നെ ജോലി ചെയ്തുവരുകയായിരുന്നു.
സുഹൃത്തുക്കളും അയൽവാസികളുമായിരുന്ന ഇരുവരുടെയും അസീസീന്റെ ബന്ധു നഫീസയുടെയും ഒരേ ദിവസത്തെ മരണം തൃക്കളൂർ പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ട ശേഷമാണ് മൃതദേഹങ്ങൾ തൃക്കളൂരിലെത്തിച്ചത്.
അയ്യപ്പൻകുട്ടിയുടെ മൃതദേഹം വീട്ടിലും അസീസിന്റേത് കല്ലാംകുഴി മദ്റസ ഹാളിലും പൊതുദർശനത്തിന് വെച്ചു. നബീസയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ട ശേഷം വീട്ടിലെത്തിച്ചു.
അസീസിന്റെയും നബീസയുടെയും മൃതദേഹം കല്ലാംകുഴി ജുമാമസ്ജിദ് ഖബർസ്ഥാനിലും അയ്യപ്പൻകുട്ടിയുടേത് തിരുവില്വാമല ഐവർമഠം ശ്മശാനത്തിലും സംസ്കരിച്ചു. സമൂഹത്തിലെ നാനാതുറകളിലുള്ളവരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിക്കാനെത്തി.