ദേശീയപാതയിൽ രണ്ടിടങ്ങളിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
text_fieldsപനയമ്പാടത്ത് മറിഞ്ഞ ആംബുലൻസ്, ഇടക്കുർശ്ശിയിൽ അപകടത്തിൽപെട്ട ലോറി
കല്ലടിക്കോട്: കരിമ്പ മേഖലയിലെ രണ്ടിടങ്ങളിൽ വാഹനാപകടം: ലോറിയാത്രക്കാരനായ യുവാവിന് പരിക്കേറ്റു. മറ്റൊരു അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടുവള്ളി പുറായിൽ അബ്ദുറഹ്മാന്റെ മകൻ മുനീറിനാണ് (38) പരിക്ക്.
ഇയാളെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് ഇടക്കുർശ്ശി ഭാഗത്ത് രണ്ട് ലോറികൾ കൂട്ടിയിടി ച്ചാണ് അപകടം. ഇരുദിശയിൽ വരുന്ന ലോറികൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയിലുണ്ടായിരുന്ന യുവാവ് തെറിച്ചുവീണാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. അപകടത്തിൽ രണ്ട് ലോറികൾക്കും കേടുപാട് പറ്റി. ദേശീയപാതയിൽ തന്നെ പനയമ്പാടത്ത് നിയന്ത്രണംവിട്ട ആംബുലൻസ് റോഡ് വക്കിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. രോഗിയെ ഇറക്കിത്തിരിച്ച് വരുന്ന തൃശൂർ ഗവ. മെഡിക്കൽ കോളജിന്റെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 2.45ഓടെയാണ് സംഭവം. അപകടസ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പ്രദേശവാസികൾ നേതൃത്വം നൽകി.


