അട്ടപ്പാടിയിലെ അരിവാൾ രോഗബാധ; സ്ഥിരീകരണത്തിന് പ്രത്യേക പദ്ധതി
text_fieldsഅഗളി: അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിൽ അരിവാൾ രോഗ നിർണയം നടപ്പാക്കുന്ന പ്രത്യേക പദ്ധതിക്ക് അനുമതിയായി. ജില്ല കലക്ടർ ഡോ. എസ്. ചിത്രയുടെ നിർദേശപ്രകാരമാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടപ്പാക്കുന്ന പദ്ധതിക്ക് 35 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ഊരുകളിലെത്തി രക്ത സാമ്പിളുകൾ ശേഖരിക്കുകയും അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അവയുടെ പരിശോധന നടത്തുകയും ചെയ്യും. രോഗം കണ്ടെത്തുന്നവരെ ഊരിൽ നിരീക്ഷണത്തിന് വിധേയമാക്കി തുടർ ചികിത്സ ഉറപ്പാക്കും.
സംസ്ഥാനത്ത് ഗോത്ര മേഖലയിൽ സമാന രീതിയിൽ പദ്ധതിയുണ്ടായിരുന്നെങ്കിലും 2014ൽ നിലച്ചു. അന്നത്തെ കണക്കുപ്രകാരം 140 അരിവാൾ രോഗികളായിരുന്നു അട്ടപ്പാടിയിൽ. തുടർന്ന് അട്ടപ്പാടിയിലെ ആശുപത്രികളിൽ മറ്റു ചികിത്സക്കായെത്തുന്നവരുടെ രക്തസാമ്പിളുകൾ പരിശോധിച്ച് രോഗ നിർണയം നടത്തിയിരുന്നു. 2024ലെ കണക്ക് പ്രകാരം 224 അരിവാൾ രോഗികളുണ്ട് അട്ടപ്പാടിയിൽ. 2024 വരെ 10 ആദിവാസികളാണ് അരിവാൾ രോഗം ബാധിച്ച് അട്ടപ്പാടിയിൽ മരിച്ചത്. ഇതിൽ നാല് വിദ്യാർഥികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം മാത്രം മൂന്ന് പേരാണ് അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ അരിവാൾ രോഗം മൂർച്ഛിച്ച് മരണപ്പെട്ടത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അരിവാൾ രോഗ നിർണയ പദ്ധതി പുനരാരംഭിക്കാൻ കലക്ടർ നിർദേശം നൽകിയത്.