സംസ്ഥാന ഭക്ഷ്യകമീഷൻ അട്ടപ്പാടിയിൽ പരിശോധന നടത്തി
text_fieldsസംസ്ഥാന ഭക്ഷ്യ കമീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടിയിൽ നാട്ടുകാരോട് സംസാരിക്കുന്നു
അഗളി: അട്ടപ്പാടി ഷോളയൂര്‍, പുതൂർ മേഖലകളിലെ ആദിവാസി ഉന്നതികളില്‍ ഭക്ഷ്യകമീഷന് സന്ദര്‍ശനം നടത്തി. ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 അടിസ്ഥാനമാക്കി വിവിധ വകുപ്പുകൾക്ക് കീഴിൽ നടപ്പാക്കുന്ന പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താനാണ് സംസ്ഥാന ഭക്ഷ്യ കമീഷൻ സന്ദര്‍ശനം നടത്തിയത്. കമീഷന് ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.
പാലക്കയത്ത് പ്രവർത്തിക്കുന്ന എ.ആർ.ഡി 66 റേഷൻ കടയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. പച്ചരി, പുഴുക്കലരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങളുടെ സ്റ്റോക്കിൽ ഗണ്യമായ കുറവ് കണ്ടെത്തി. മുത്തിക്കുളം, സിങ്കപ്പാറ ആദിവാസി മേഖലകളിലേക്ക് ഭക്ഷ്യവിതരണം നടത്തുന്നത് ഈ കേന്ദ്രത്തിൽ നിന്നാമാണ്.
മുത്തിക്കുളം ഉന്നതിയിലെ അംഗൻവാടിയും സന്ദർശിച്ചു. സ്ഥിരമായി വർക്കറിനെ നിയമിക്കാനും സൂപ്പർവൈസർ, സി.ഡി.പിഒ എന്നിവർ എല്ലാ മാസവും ഇവിടെ സന്ദർശനം നടത്തണമെന്നും സെന്ററിന്റ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും കമീഷൻ കർശന നിർദേശം നൽകി.
മണ്ണാർക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട ചിണ്ടക്കിയിലെ ഗവ. ട്രൈബൽ വെൽഫയർ എൽ.പി വിദ്യാലയത്തിൽ കമീഷൻ സന്ദർശനം നടത്തി. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നിർവഹണം അഭിനന്ദനീയമാണെന്ന് കമീഷൻ അഭിപ്രായപ്പെട്ടു.
ജില്ല സപ്ലൈ ഓഫിസർ എ.എസ്. ബീന, ഐ.സി.ഡി.എസ് ജില്ല പ്രോഗ്രാം ഓഫിസർ ടി.വി. മിനിമോൾ, ടി.ഡി.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥർ, മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുരേഷ്, ഭവാനി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഗണേശ്, മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫിസർ, മണ്ണാർക്കാട് പൊലീസ് തുടങ്ങിയവരും കമീഷനോടൊപ്പം ഉണ്ടായിരുന്നു.