അഗളി വീണ്ടും പുലിപ്പേടിയിൽ
text_fieldsഅഗളി: അട്ടപ്പാടി അഗളി പൂവത്താൾ കോളനിയിലെ വാക്കടയിൽ സന്തോഷിന്റെ വളർത്തു നായയെ പുലി പിടിച്ചു. ജൂലൈ പത്തിന് രാത്രിയായിരുന്നു സംഭവം. ആറു ദിവസങ്ങൾക്ക് ശേഷം കന്നുകാലികളെ മേയ്ക്കാൻ പോയ അയൽവാസികൾ വീടിനോട് ചേർന്നുള്ള മലയിൽ പുലി ഭക്ഷിച്ച വിധത്തിൽ വളർത്തു നായയുടെ ജഡം കണ്ടെത്തുകയായിരുന്നു.
ഒരു മാസത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. സമാനമായ രീതിയിൽ പ്രദേശവാസിയായ ചന്ദ്രികയുടെ വളർത്തുനായയെയും പുലി പിടിച്ചിരുന്നു.
പൂവത്താൾ കോളനിയോട് ചേർന്നുള്ള ഗവ. എൽ.പി. സ്കൂളിൽ കുറച്ച് നാളുകൾക്ക് മുമ്പ് പുലിയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന പ്രദേശത്താണ് പുലിയുടെ സ്ഥിരസാന്നിധ്യം. അമ്പത് കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. പുലിയെ പിടികൂടാൻ ആവശ്യമായ നടപടികൾ വനംവകുപ്പ് ഉടൻ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.