'വിദ്യാവാഹിനി’ പണിമുടക്കി; വെട്ടിലായി കുട്ടികൾ
text_fieldsഅഗളി: ഗോത്ര വിദ്യാർഥികൾക്ക് വീടുകളിൽനിന്ന് വിദ്യാലയങ്ങളിലെത്താൻ ഒരുക്കിയ ‘വിദ്യാവാഹിനി’ സംവിധാനം പണിമുടക്കിയത് കുട്ടികളെ വെട്ടിലാക്കി.
വിദ്യാവാഹിനി പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഓടുന്ന വാഹനങ്ങളുടെ തുക മുടങ്ങിയിട്ട് ആറു മാസമായതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഒരു വിഭാഗം വാഹനയുടമകൾ പണിമുടക്കി. ഇതേതുടർന്ന് വിദ്യാലയങ്ങളിലെ ഹാജർ നിലയിൽ വലിയ തോതിൽ കുറവ് വന്നു. ഉച്ചയോടെ സ്കൂൾ അധികൃതരുടെയും ഐ.ടി.ഡി.പി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചത്.
ഒരാഴ്ചക്കുള്ളിൽ അടിയന്തരമായി മൂന്ന് മാസത്തെ കുടിശ്ശിക തുക വാഹനയുടമകൾക്ക് നൽകാം എന്ന് ഐ.ടി.ഡി.പി അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ‘ഗോത്രസാരഥി’ എന്ന പേരിലായിരുന്നു പദ്ധതി. ആദ്യം ഈ പദ്ധതിക്കാവശ്യമായ ഫണ്ട് നൽകിയിരുന്നത് ഐ.ടി.ഡി.പിയായിരുന്നു.
ഇടക്കാലത്ത് പഞ്ചായത്തുകൾ ഇത് ഏറ്റെടുത്തെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം ‘വിദ്യാവാഹിനി’ എന്ന് പുനർനാമകരണം ചെയ്ത് പദ്ധതി വീണ്ടും ഐ.ടി.ഡി.പി ഏറ്റെടുക്കുകയായിരുന്നു. ഈ അധ്യയന വർഷത്തിൽ ജൂൺ, ജൂലൈ മാസങ്ങളിലെ തുക മാത്രമാണ് പദ്ധതി പ്രകാരം ഓടുന്ന വാഹനങ്ങൾക്ക് നൽകിയിട്ടുള്ളത്.