പ്രകൃതിക്കൊപ്പം അതിജീവന കഥ പറഞ്ഞ് അട്ടപ്പാടി ചുരത്തിലെ ചുമർചിത്രം
text_fieldsഅട്ടപ്പാടി ചുരത്തിലെ ചുമർചിത്രത്തിന് മുന്നിൽ തവനൂർ കാർഷിക എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് വളണ്ടിയർമാർ
അഗളി: ‘കാടുണ്ടെങ്കിലേ നമ്മളുള്ളൂ, ചുവരുണ്ടെങ്കിലേ ചിത്രങ്ങളുള്ളൂ’ മുദ്രാവാക്യവുമായി ചുമർ ചിത്രങ്ങൾ വരച്ച് കാട് കാക്കാൻ ഒരുങ്ങുകയാണ് തവനൂർ കാർഷിക എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് വിദ്യാർഥികളും വനം വകുപ്പും. സൈലന്റ്വാലിയിലേക്കും അട്ടപ്പാടി മലനിരകളിലേക്കും ചുരം കയറി പോകുമ്പോൾ റോഡിന്റെ വശത്തെ മതിലിൽ ഒരുക്കിയ മനോഹര ചിത്രം പറയുന്നത് അട്ടപ്പാടി - സൈലൻറ് വാലി മേഖലയുടെ സംസ്കാരവും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയുമാണ്.
ജന്തുജാലങ്ങളുമായി അനുഗൃഹീതമായ അട്ടപ്പാടി ചുരം റോഡ് മാലിന്യത്തിൽ മുങ്ങിയിരുന്നു. വനത്തിലൂടെ കടന്നു പോകുന്ന പാതയുടെ ഇരുവശത്തും ആളുകൾ മാലിന്യമെറിഞ്ഞതോടെ ചുരം ചീഞ്ഞുനാറാൻ തുടങ്ങി. ബോധവത്കരണ പോസ്റ്റുകളും അറിയിപ്പുകളുമെല്ലാം സ്ഥാപിച്ചെങ്കിലും ഫലപ്രദമായില്ല. ചുരം നന്നായാൽ കാട് നന്നാകുമെന്നു തോന്നിയതോടെയാണ് പാറക്കെട്ടുകളിലും മതിലുകളിലുമെല്ലാം മനോഹരമായ ചിത്രങ്ങൾ വരക്കാമെന്ന ആശയം വളന്റിയർമാർക്ക് തോന്നിയത്. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ പ്രോത്സാഹനവുമായെത്തി. രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് സംഘടനകളുടെയും ചുമരെഴുത്തും പോസ്റ്ററുകളും എല്ലാമായി അലങ്കോലപ്പെട്ടു കിടന്ന മതിലിൽ ചിത്രം വരയക്കാൻ അവസരം ഒരുക്കി കൊടുത്തത് മണ്ണാർക്കാട് റേഞ്ച് ഓഫിസർ സുബൈർ ആണ്.
ഡെപ്യൂട്ടി ഓഫിസർ അഷ്റഫും അദ്ദേഹത്തിന്റെ ടീമും പിന്തുണ നൽകി. തവനൂർ കാർഷിക കോളജ് എൻ.എസ്.എസ് സപ്ത ദിന ക്യാമ്പ് ‘ആരണ്യകം 2025’ന്റെ പ്രധാന ആകർഷണമായ ‘ഹരിത കേരളം’പദ്ധതിയുടെ ഭാഗമായാണ് ചുരം സൗന്ദര്യവത്കരണം നടത്തുന്നത്. പത്താംവളവ് എത്തുന്നതിനു മുമ്പ് ഏകദേശം 500 മീറ്റർ മാറിയാണ് 750 ചതുരശ്രഅടി വിസ്തീർണത്തിൽ ചുവർചിത്രം ഒരുക്കിയത്. കാർഷിക എൻജിനീയറിങ് കോളജ് 38ാം ബാച്ചിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് നേതൃത്വം നൽകുന്നത്. പ്രോഗ്രാം ഓഫിസർ അസിസ്റ്റന്റ് പ്രഫ. വൈശാഖ് വേണു, വളന്റിയർ സെക്രട്ടറി ഗംഗ എസ്. ബിജു, നവ്യ, അനില, ജേക്കബ്, ബിഞ്ചു, ഡോണ, ഫസ്ന തുടങ്ങിയവരുടെ നേതൃത്വത്തിൽ 50 ഓളം പേരാണ് ഉദ്യമത്തിൽ പങ്കെടുത്തത്.