എടത്തനാട്ടുകര വനിത വ്യവസായ കോംപ്ലക്സ് കാടുകയറി നശിക്കുന്നു
text_fieldsഎടത്തനാട്ടുകര കൊടിയം കുന്നിൽ നിർമിച്ച മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വനിത വ്യവസായ കോംപ്ലക്സ്
കാടു കയറിയ നിലയിൽ
അലനല്ലൂർ: എടത്തനാട്ടുകര കൊടിയംകുന്നിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച വനിത വ്യവസായ കോംപ്ലക്സ് കാട് കയറി നശിക്കാൻ തുടങ്ങി. കുടുംബശ്രീ യൂനിറ്റുകൾക്ക് കുറഞ്ഞ തോതിൽ വാടക നിശ്ചയിച്ച് നൽകി വിപണന സൗകര്യമൊരുക്കാൻ 2012 -13 വർഷത്തിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തി നിർമിച്ച കെട്ടിടമാണ് ആർക്കും ഉപകാരമില്ലാതെ കിടക്കുന്നത്. രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് ഇതുവരെ വാടക നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.
പല തവണയായി കുടുംബശ്രീ യൂനിറ്റുകൾ അവർ ഉത്പാദിപ്പിക്കുന്ന വസ്തുക്കളും മറ്റും വിൽപന നടത്തുന്നതിനും തൊഴിൽ സംരംഭങ്ങൾ ചെയ്യാനും നിവേദനം നൽകിയിട്ട് ഫലമുണ്ടായിട്ടില്ലെന്ന് കുടുംബശ്രീ അംഗങ്ങൾ പറയുന്നു. കൊടിയംകുന്നിലെ കുടുംബശ്രീ ഒരു വർഷമായി നിവേദനം നൽകി കാത്തിരിക്കുകയാണെന്ന് അലനല്ലൂർ ഗ്രാമ പഞ്ചായത്തംഗം പി.കെ. സമീർ ബാബു പറഞ്ഞു. അലനല്ലൂർ പഞ്ചായത്തിന്റെ വിവിധ ആവശ്യങ്ങൾ താൽക്കാലികമായി നടത്തുന്നതിന് വേണ്ടി ഗ്രാമ പഞ്ചായത്ത് കത്ത് നൽകിയിട്ടും കെട്ടിടം വിട്ടുനൽകിയില്ലെന്ന് അലനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സജ്ന സത്താർ പറഞ്ഞു.
ഇതുവരെ ആരും വാടകക്ക് വന്നിട്ടില്ലെന്നും വാടക നിശ്ചയിച്ചിട്ടില്ല എന്നും വാടക നിശ്ചയിച്ചാൽ അതിൽ അൽപ്പംകൂടി സംഖ്യ കൂട്ടിയാണ് കുടുംബശ്രീ അംഗങ്ങൾക്ക് കെട്ടിടം വാടകക്ക് കൊടുക്കുകയെന്നും അതിനെ കുറിച്ച് ബ്ലോക്ക് പഞ്ചായത്തിൽ ജീവനക്കാരെ കണ്ട് സംസാരിച്ചാൽ നിജസ്ഥിതി അറിയാമെന്നും മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. പ്രീത ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഒരു തവണ മുറികൾ ലേലത്തിനായി വെച്ചിരുന്നുവെന്നും, കുറച്ച് ആളുകൾ വന്നിരുന്നുവെന്നും പിന്നെ എന്തുണ്ടായി എന്ന് സെക്രട്ടറിയോട് ചോദിച്ച് അറിയിക്കാമെന്നും ബ്ലോക്ക് പഞ്ചായത്തംഗം പി.പി. ഷാനവാസ് പറയുന്നു. 2018ൽ ഉപ്പുകളത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ഒരു വർഷത്തിലേറെ കാലം ആദിവാസികളെ പാർപ്പിച്ചിരുന്നു. 2012 മേയ് മൂന്നിന് കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും 2015 ആഗസ്റ്റ് 18ന് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നിരുന്നു. കെട്ടിടത്തിന്റെ മുൻവശം ടൈൽ വിരിച്ച് മനോഹരമാക്കിയിരുന്നു.
വിരിച്ച ടൈലിനിടയിലൂടെ കാടുകൾ തഴച്ചുവളരുകയാണ്. ചുറ്റുമതിലിലും ഗേറ്റിലും ഇരുമ്പ് വേലികളിലും വള്ളിപ്പടർപ്പുകൾ കയറി ഇരുമ്പ് കമ്പികൾ തുരുമ്പിച്ച് നശിക്കുകയാണ്. വാടക നിശ്ചയിക്കുന്ന കാര്യത്തിൽ ഭരണസമിതി ഇതുവരെ തീരുമാനമെടുക്കാത്തതിൽ പ്രതിപക്ഷ അംഗങ്ങൾക്കും പരാതിയില്ല.
അലനല്ലൂർ ഗ്രാമ പഞ്ചായത്തിൽ 436 കുടുംബശ്രീ യൂനിറ്റുകളാണ് നിലവിൽ ഉള്ളത്. ഇതിൽ വിവിധ യൂനിറ്റുകൾക്ക് സംരംഭവും വിപണനവും നടത്താൻ ഉദ്ദേശമുണ്ടെങ്കിലും വാടകക്കാര്യത്തിൽ ഇപ്പോഴും ബ്ലോക്ക് പഞ്ചായത്ത് തീരുമാനം എടുക്കാത്തതിനാൽ നീണ്ട് പോവുകയാണ്. കാട് മൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും കൂടിയിട്ടുണ്ട്.