ചിരട്ടയിൽ വിരിയുന്ന തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ; എടത്തനാട്ടുകര കൂമഞ്ചീരി അബ്ദുൽ റഷീദിന്റേതാണ് കരവിരുത്
text_fieldsചിരട്ട കൊണ്ട് അബ്ദുൽ റഷീദുണ്ടാക്കിയ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ. ഇൻസൈറ്റിൽ അബ്ദുൽ റഷീദ്
അലനല്ലൂർ: എടത്തനാട്ടുകര കൂമഞ്ചീരി അബ്ദുൽ റഷീദിന്റെ കൺമുന്നിൽ ഒത്തൊരു ചിരട്ട കണ്ടാൽ അത് പിന്നീട് പല കരകൗശല വസ്തുവായി മാറും. തെരഞ്ഞെടുപ്പ് ചിഹ്നം മുതൽ നൂറോളം വിവിധ വസ്തുക്കളുടെ രൂപങ്ങളാണ് ഇതിനകം നിർമിച്ചെടുത്തത്.
തെരഞ്ഞെടുപ്പ് ചിഹ്നങ്ങളായ കൈപ്പത്തി, താമര, ചുറ്റിക അരിവാൾ നക്ഷത്രം, കോണി, ഗ്യാസ് സിലിണ്ടർ, രണ്ടില, അരിവാൾ ധാന്യക്കതിർ, കുട, കണ്ണട, സ്കൂട്ടി, പൈനാപ്പിൾ തുടങ്ങിയവയും, ഗാന്ധിജി, സൈക്കിൾ, മയിൽ, തേൾ, മുള്ളൻ പന്നി, തബല, കപ്പൽ, കാള വണ്ടി, ഫുട്ബാൾ, ഉറുമ്പ്, കശുവണ്ടി, ഹെൽമറ്റ്, ഹെലികോപ്റ്റർ, പൂച്ചെടി, പെൻഗിൻ, ക്ലോക്ക്, ജഗ്ഗ്, കൂജ, പള്ളിയുടെ ഖുബ്ബ, പെൻ സ്റ്റാൻഡ്, ആഭരണം, ചിലന്തി, കടന്നൽ, ആമ, ഭൂഗോളം, കസേര, വിവിധ മത ചിഹ്നങ്ങൾ, സോപ്പ് പെട്ടി, കീ ചെയിൻ, പക്ഷിയും കുഞ്ഞും, വിവിധയിനം പാത്രങ്ങൾ തുടങ്ങി നിരവധി രൂപങ്ങളാണ് അദ്ദേഹത്തിന്റെ വീട്ടിൽ അലങ്കാര വസ്തുവായി പ്രദർശിപ്പിച്ചിട്ടുള്ളത്.
കരവിരുത് കണ്ട് നിരവധി സംഘടനകൾ മെമന്റോ നൽകി ആദരിച്ചിട്ടുണ്ട്. ടൈൽസ് ജോലിക്കാരനായ അദ്ദേഹം ഒഴിവ് സമയങ്ങളിലാണ് വിസ്മയിപ്പിക്കുന്ന കലാശിൽപങ്ങൾ ഉണ്ടാക്കുന്നത്. ഏഴ് വർഷത്തോളമായി കലാസൃഷ്ടി നിർമാണം തുടങ്ങിയിട്ട്. ബ്ലേഡും സാൻഡ് പേപ്പറുമാണ് നിർമിക്കാനുള്ള ആയുധം. പശയും, പോളിഷും ഉപയോഗിച്ച് ഭംഗിയും ഉറപ്പാക്കും. അബൂബക്കർ-ഉമൈബ ദമ്പതികളുടെ മൂത്ത മകനാണ്. ഭാര്യ: അഫ്സത്ത്. ആദില, അദ്നാൻ, അമാന എന്നിവർ മക്കളാണ്.


