കെട്ടിടം നിർമിച്ചിട്ട് രണ്ടുപതിറ്റാണ്ട്; അലനല്ലൂർ ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സക്ക് അനുമതിയായില്ല
text_fieldsഅലനല്ലൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ജീർണിച്ച കെട്ടിടം
അലനല്ലൂർ: രണ്ട് പതിറ്റാണ്ട് മുമ്പ് അലനല്ലൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറിക്ക് കെട്ടിടങ്ങൾ നിർമിച്ചിട്ടും കിടത്തി ചികിത്സക്ക് സംസ്ഥാന സർക്കാർ അനുമതിയായില്ല. നൂറ് വർഷം മുമ്പ് നിർമിച്ച ജീർണിച്ച കെട്ടിടത്തിലാണ് ഇപ്പോഴും ഒ.പി പ്രവർത്തിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം കാലപ്പഴക്കം കൊണ്ട് തകർന്നപ്പോൾ ഡി.എം.ഒ അലനല്ലൂർ ആയുർവേദ ഡിസ്പെൻസറിയും സന്ദർശിച്ചിരുന്നു. തുടർന്ന്, ജീർണിച്ച ഒ.പി മാത്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ അനുമതി നൽകി. എന്നാൽ, ഒ.പി പ്രവർത്തിക്കാനുള്ള പ്രാഥമിക സൗകര്യങ്ങൾ ഇതുവരെ അധികാരികൾ ഒരുക്കാത്തത് കൊണ്ട് മാറാൻ കഴിഞ്ഞിട്ടില്ല.
1984ലാണ് രണ്ട് വലിയ കെട്ടിടങ്ങൾ കിടത്തി ചികിത്സിക്കാൻ വേണ്ടി നിർമിച്ചത്. ഇത് ഉദ്ഘാടനത്തിന് ശേഷം ഉപയോഗമില്ലാതെ കിടക്കുകയാണ്. ഒ.പി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മരുന്ന് സൂക്ഷിച്ച് വെക്കാൻ പോലും സൗകര്യമില്ല. ജീർണിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപണി നടത്താൻ അലനല്ലൂർ പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് സജ്ന സത്താർ പറഞ്ഞു. ഒന്നേകാൽ ഏക്കറോളം വിസ്തൃതിയുള്ള കോമ്പൗണ്ടിലാണ് മൂന്ന് ക്വാർട്ടേഴ്സും രണ്ട് കിടത്തി ചികിത്സക്കുള്ള കെട്ടിടങ്ങളും പഴയ ഒ.പി കെട്ടിടവും സ്ഥിതി ചെയ്യുന്നത്.
മലപ്പുറം, പാലക്കാട് ജില്ല അതിർത്തിയായത് കൊണ്ട് മലപ്പുറം ജില്ലയിലെ വെട്ടത്തൂർ, അരക്ക് പറമ്പ്, പുത്തൂർ, കൊമ്പാക്കൽ കുന്ന്, മൂനാടി, ആഞ്ഞിലങ്ങാടി, വെള്ളിയഞ്ചേരി, കൊമ്പംകല്ല്, കാപ്പ്, പാലക്കാട് ജില്ലയിലെ കോട്ടേപ്പാടം, തിരുവിഴാംകുന്ന് എടത്തനാട്ടുകര, ഉപ്പുകുളം, കർക്കിടാംകുന്ന്, ചളവ, പിലാച്ചോല, കോട്ടപ്പളള, കാപ്പ്പറമ്പ്, മുണ്ടക്കുന്ന്, കൊടിയംകുന്ന്, പാലക്കാഴി, ഉണ്ണിയാൽ, കുളപറമ്പ്, നെല്ലൂർപുള്ളി, കാനംക്കോട്, കൂമൻചിറ ഭീമനാട്, അമ്പലപ്പാറ, ചിരട്ടകുളം, കാര, വട്ടമണ്ണപ്പുറം, നാലുകണ്ടം, കാട്ടുകുളം, മുറിയകണ്ണി തുടങ്ങി നിരവധി പ്രദേശങ്ങളിൽ നിന്ന് നിത്യവും നൂറോളം രോഗികളാണ് ചികിത്സക്കായി എത്തുന്നത്.
കിടത്തി ചികിത്സക്കുള്ള രോഗികൾ തെങ്കര, ഒറ്റപ്പാലം, പാലക്കാട്, പെരിന്തൽമണ്ണ എന്നീ ആശുപത്രിയിലേക്ക് കിലോമീറ്ററുകൾ താണ്ടി പോകേണ്ട ഗതികേടിലാണ്. ജീവനക്കാർക്ക് താമസിക്കാൻ നിർമിച്ച മൂന്ന് ക്വാർട്ടേഴ്സ് കെട്ടിടങ്ങളും ദ്രവിച്ച് അപകടാവസ്ഥയിലായത് കൊണ്ട് ജീവനക്കാർ ആരുംതന്നെ ഇവിടെ താമസിക്കാറില്ല.


