വീടൊരുക്കി; ആഗ്രഹങ്ങൾ ബാക്കിവെച്ച് സാബിത്ത് വിടചൊല്ലി
text_fieldsകണ്ണംകുണ്ട് പാലത്തിന് സമീപം നിർമാണത്തിലിരിക്കുന്ന വീട്ടിൽ സാബിത്തിന്റെ മൃതദേഹം കാണാനെത്തിയ ജനക്കൂട്ടം
അലനല്ലൂർ: നിർമാണം പൂർത്തിയാകുന്ന വീട്ടിൽ താമസിച്ച്, വിവാഹവും കഴിച്ച് വീണ്ടും പ്രവാസ ജീവിതത്തിലേക്ക് ഈ മാസം 26ന് മടങ്ങാനിരിക്കെയാണ് ആഗ്രഹങ്ങൾ ബാക്കിയാക്കി സാബിത്തിന്റെ വിടവാങ്ങൽ. വെള്ളിയാർ പുഴയിൽ വീണാണ് കണ്ണംകുണ്ടിലെ ഏലംകുളവൻ സാബിത്തിന്റെ മരണം. വീട് നിർമാണത്തിനിടെ വാടക വീട്ടിലായിരുന്നു താമസം. ഹൃദ്രോഗിയായ പിതാവിന്റെ മോഹമായിരുന്നു അടച്ചുറപ്പുള്ള വീട്ടിലെ താമസം. സാബിത്ത് പ്രവാസിയായ ശേഷമാണ് വീട് നിർമാണം തുടങ്ങാൻ കഴിഞ്ഞത്. തൽക്കാലം വീടിന് ജനൽപാളികളും വാതിലുകളും വെച്ച് താമസം മാറാനായിരുന്നു ഉദ്ദേശം. അതിന് കാത്തുനിൽക്കാതെയാണ് സാബിത്ത് വിട പറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ മിക്ക സമയത്തും കോസ് വേ വെള്ളത്തിനടിയിലായിരുന്നു. വെള്ളം കുറയുന്ന സമയങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയൊരുക്കുകയും ഇടക്കിടെ കോസ് വേയിൽ തങ്ങുന്ന ചപ്പുചവറുകളും മരചില്ലുകളും എടുത്ത് കളയുകയും ചെയ്യുന്നതിനിടെയായിരുന്നു മരണം. കോസ്വേയിലെ ചവറുകൾ നീക്കി കളയുന്നതിനിടെ കാൽ വഴുതി വീണതോടെ പുഴയിൽ ഒഴുക്കിൽപ്പെട്ട് താഴ്ന്ന് പോകുകയായിരുന്നു. ചൊവ്വാഴ്ച രാത്രി വരെയും ബുധനാഴ്ച രാവിലെ ആറുമുതലും തെരച്ചിൽ നടത്തുകയായിരുന്നു.
പൊലീസ്, സിവിൽ ഡിഫൻസ്, ട്രോമ കെയർ, സന്നദ്ധസംഘടനകൾ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി നൂറുകണക്കിന് ആളുകൾ തിരച്ചിൽ നടത്തി. തിരുവിഴാംകുന്ന് മുറിയംകണ്ണി യൂത്ത് കെയർ യൂനിറ്റിന് കീഴിൽ 20 അംഗത്തിന്റെ തിരച്ചിലിനിടയിൽ തയ്യിൽ റഷീദിന്റെ കാലിൽ മൃതദേഹം തടഞ്ഞതോടെ കണ്ണംകുണ്ട് സ്വദേശി കറുത്തപീടിക ശാഫി മുങ്ങിയെടുക്കുകയായിരുന്നു. ശിഹാബ് പറമ്പിൽ, തശ് രീഫ്, ഷഹബാസ് എന്നിവർ നേതൃത്വം നൽകി.
ജില്ല ട്രോമാകെയർ സ്റ്റേഷൻ കോ ഓഡിനേറ്റർമാരായ ജബ്ബാർ ജൂബിലി, മണികണ്ഠൻ, ഉമ്മർ മേലാറ്റൂർ, ഇഹ്സാൻ കരുവാരകുണ്ട്, സുമേഷ് വലമ്പൂർ, മുങ്ങൽ വിദഗ്ധരായ ഷൗക്കത്ത് കരിപ്പമണ്ണ, ബാബു പന്തലങ്ങൽ, രാജു, ഓമനകുട്ടൻ, കെ.കെ. റിയാസുദ്ദീൻ തുടങ്ങി 26 ട്രോമാകെയർ വളന്റിയർമാർ തെരച്ചിൽ നടത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. താമസം തുടങ്ങാത്ത പുതിയ വീട്ടിലേക്ക് എത്തിച്ച സാബിത്തിന്റെ മൃതദേഹം കാണാൻ നൂറുകണക്കിന് കൂട്ടുകാരും നാട്ടുകാരുമാണ് എത്തിയത്. വൈകീട്ട് അലനല്ലൂർ മുണ്ടത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്തു.