കോട്ടോപ്പാടത്ത് സി.പി.എമ്മിന് വിമത ഭീഷണി; വിമതരില്ലെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി
text_fieldsപ്രതീകാത്മക ചിത്രം
അലനല്ലൂർ: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥികൾക്ക് വിമത ശല്യം വൻ ഭീഷണി. കണ്ടമംഗലം, കോട്ടോപ്പാടം ഈസ്റ്റ്, പത്തങ്ങം തുടങ്ങിയ വാർഡുകൾ നേടാനാകുമെന്നാണ് വിമത സ്ഥാനാർഥികളുടെ പ്രതീക്ഷ. 25 വർഷമായി സി.പി.എം അടക്കിവാഴുന്ന നായാടിപ്പാറ വാർഡ് സി.പി.എമ്മിനെ കൈവിടുമോ എന്ന ആശങ്കയുണ്ട്. ബ്ലോക്കിലേക്ക് സി.പി.എമ്മിനെതിരെ തിരുവിഴാംകുന്ന് ഡിവിഷനിൽനിന്ന് സ്ഥാനാർഥിയുണ്ട്. കാപ്പ്പറമ്പ്, തിരുവിഴാംകുന്ന്, നാലരിക്കുന്ന് വാർഡുകളിൽനിന്ന് ബ്ലോക്ക് സ്ഥാനാർഥി കൂടുതൽ വോട്ടുകൾ പിടിക്കുമെന്നും കണക്കുകൂട്ടുന്നു.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ 24 ൽ 12 വാർഡിൽ പാർട്ടി സ്ഥാനാർഥികളും 12ൽ സ്വതന്ത്രരുമാണ് മത്സരിക്കുന്നത്. നാല് വാർഡുകളിലാണ് വിമതരുള്ളത്. വിമതർ ഇല്ലാത്ത വാർഡുകളിൽ യു.ഡി.എഫിന് വോട്ട് നൽകാനാണ് അസംതൃപ്തരായ അനുഭാവികളുടെ തീരുമാനമെന്നറിയുന്നു. എൽ.ഡി.എഫ് 24 വാർഡുകളിലും മികച്ച സ്ഥാനാർഥികളെയാണ് മത്സരിപ്പിക്കുന്നതെന്നും സി.പി.എമ്മിന് വിമതർ ഇല്ലെന്നും കോട്ടോപ്പാടം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. മനോജ് ‘മാധ്യമ’ത്തോട് പറഞ്ഞു.


